ELECTRONICS KERALAM

Tuesday, May 30, 2017

ഓട്ടോമാറ്റിക് കൊതുക് നിവാരിണി

 ഓട്ടോമാറ്റിക് കൊതുക് നിവാരിണി

 സുജിത്കുമാര്‍  സുജിത് കുമാർ
 
കൊതുക് ഒരു ഭീകര ജീവിയാണ്- ഇത്തിരിക്കുഞ്ഞന്മാരായ കൊതുകുകളെ നിയന്ത്രിക്കാൻ ലോക രാജ്യങ്ങൾ തലകുത്തി നിന്ന് ശ്രമിച്ചിട്ടും ഡെങ്കു, ചിക്കൻ ഗുനിയ, മലേറിയ, സിക്ക , മന്ത് ... എന്നു വേണ്ട അനേകം അസുഖങ്ങളുടെ നിയന്ത്രണം ഇപ്പോഴും സാദ്ധ്യമായിട്ടില്ല. കൊതുകുകളെ കൊല്ലുന്നതിലും ഫലപ്രദം അവയുടെ പ്രജനനം തടയുന്നതാണെന്ന് ധാരാളം പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുള്ളതിനാൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന ഏജൻസികൾ എല്ലാം ആ വഴിക്കാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാറുള്ളത്.
നമ്മുടെ നാട്ടിൽ ഇക്കാലത്ത് കൂടുതലായി പടർന്നു പിടിക്കുന്ന ചിക്കൻ ഗുനിയ, ഡെങ്കു തുടങ്ങിയ പകർച്ചവ്യാധികൾക്കെല്ലാം കാരണമാകുന്ന കൊതുകുകൾ പ്രജനനം നടത്തുന്നത് കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലൂടെയാണ്. വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക , കെട്ടിക്കിടക്കുന്ന വെള്ളത്തിൽ എണ്ണ ഒഴിക്കുക, വെള്ളം കമഴ്ത്തിക്കളയുക തുടങ്ങിയ പരമ്പരാഗത മാർഗ്ഗങ്ങളെല്ലാം ഇവയുടെ പ്രജനനം തടയാൻ ഉപകാരപ്രദമാണെങ്കിലും നമ്മുടെ അലസതയും മടിയ്കും അശ്രദ്ധയുമെല്ലാം കൊതുകുകൾക്ക് മുട്ടയിട്ട് പെരുകാനുള്ള ഇടങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്നു. ഇതിനൊരു പരിഹാരമായി വളരെ വിജയകരമായി പരീക്ഷിച്ചൊരു രീതിയുണ്ട്. നമ്മൾ സ്ഥിരമായി ഇടപെടുന്ന ഇടങ്ങളിൽ - എന്നും നമ്മുടെ ശ്രദ്ധ കിട്ടുന്ന ഇടങ്ങളിൽ തുറന്ന പാത്രങ്ങളിലും മറ്റും വെള്ളം നിറച്ചു വച്ച് കൊതുകുകളെ ഇതിലേക്ക് ആകർഷിക്കുക. അതിനു ശേഷം രണ്ടോ മൂന്നോ ദിവസങ്ങൾ കഴിഞ്ഞ് ഈ വെള്ളം ഊറ്റിക്കളയുക. അതൊടെ കൊതുകിന്റെ മുട്ടകൾ നശിപ്പിക്കപ്പെടും. ഇതല്ലെങ്കിൽ ഗപ്പി എന്ന മീനിനെ ഇത്തരം പാത്രങ്ങളിൽ വളർത്തിയാലും മതി. വെള്ളം നിറയ്ക്കലും ഊറ്റിക്കളയലും നേരത്തേ പറഞ്ഞ മനുഷ്യ സഹജമായ അലസത മൂലം പലപ്പോഴും നടക്കണം എന്നില്ല. അതിനാൽ അതിനെ ഒന്ന് ഓട്ടോമേറ്റ് ചെയ്താലോ (ബിൽ ഗേറ്റ്സ് പറഞ്ഞിട്ടുണ്ട്- താൻ തന്റെ കമ്പനിയിലേക്ക് അലസരായവരെ ജോലിക്കെടുക്കാനാണ് താല്പര്യപ്പെടുന്നത് കാരണം അവർ തങ്ങളുടെ ജോലിഭാരം കുറയ്ക്കാനായി സൃഷ്ടിപരമായ എന്തെങ്കിലുമൊക്കെ കണ്ടുപിടുത്തങ്ങൾ നടത്തിക്കൊണ്ടിരിക്കും )
രണ്ടു പാത്രങ്ങൾ ഉള്ള ഒരു സംവിധാനമാണിത്. മുകളിലേത് തുറന്ന പാത്രവും താഴെ അടഞ്ഞ ഒരു പാത്രവും. രണ്ടിന്റേയും ഇടയിലായി ഒരു ചെറിയ അരിപ്പയും. മുകളിലെ പാത്രത്തിൽ വെള്ളം നിറക്കുന്നു. തുറന്നു വച്ചിരിക്കുന്ന പാത്രത്തിൽ കൊതുകുകൾ മുട്ടയിടുന്നു. രണ്ടു ദിവസമാകുമ്പോൾ മുകളിലെ പാത്രത്തിന്റെ അടിവശത്തുള്ള ഒരു സോളിനോയ്ഡ് വാൽവ് തുറന്ന് വെള്ളം അരിപ്പയിലൂടെ താഴത്തെ ടാങ്കിലേക്ക് എത്തുന്നു. വെള്ളം മുഴുവനായും താഴത്തെ ടാങ്കിൽ എത്തിയാൽ ഒരു ചെറിയ പമ്പ് പ്രവർത്തിക്കുകയും താഴെയുള്ള വെള്ളം വീണ്ടും മുകളിലെ ടാങ്കിലേക്ക് പമ്പ് ചെയ്യുകയും ചെയ്യുന്നു. സിസ്റ്റം ഇതോടെ കൊതുകുകൾക്ക് മുട്ടയിടാനായി രണ്ടു ദിവസം കാത്തിരിക്കുന്നു. രണ്ടു ദിവസത്തിനു ശേഷം സോളിനോയ്ഡ് വാൽവ് പ്രവർത്തിക്കുന്നു .. മേൽപ്പറഞ്ഞ ചക്രം പൂർണ്ണമാകുന്നു. ഇവിടെ സമയം ക്രമീകരിക്കാനും സോളിനോയ്ഡ് വാൽവിനേയും പമ്പിനേയും പ്രവർത്തിപ്പിക്കാനും ചെറിയ ഒരു ടൈമിംഗ് ആൻഡ് കണ്ട്രൊൾ സർക്കീട്ട് ഉണ്ട്. 12 വോൾട്ട് ഡി സിയിൽ മുഴുവൻ സിസ്റ്റവും പ്രവർത്തിപ്പിക്കാം. ആവശ്യമെങ്കിൽ ഒരു ചെറിയ സോളാർ പാനലും ഉപയോഗിക്കാം.
ഇപ്പറഞ്ഞ സിസ്റ്റം വിപണിയിൽ ലഭ്യമായ സാധനങ്ങൾ കൊണ്ട് തന്നെ നിർമ്മിച്ചെടുക്കാനാകും.ഒരു ലളിതമായ സര്‍ക്യൂട്ട് ഇതാ കൊടുക്കുന്നു.ടൈമിംഗ് ആൻഡ് കണ്ട്രോൾ സർക്കീട്ട് ആയി ഒരു മൈക്രോ കണ്ട്രോളറോ അല്ലെങ്കിൽ അർഡ്യുനോ/ റാസ്പ്‌ബെറി പൈ അങ്ങനെ ഏതു വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.
ഇങ്ങനെ ഒരു ആശയം കുറേ കാലങ്ങൾക്ക് മുൻപ് മനസ്സിൽ വന്നതാണ്. ഏതെങ്കിലും ശാസ്ത്രമേളകൾക്ക് പ്രൊജക്റ്റ് ആയി ചെയ്യാൻ നിർദ്ദേശിക്കാം എന്നും കരുതിയതാണ്. പക്ഷേ നമ്മൾ മരത്തിൽ കാണുമ്പൊൾ അത് മാനത്ത് കണ്ട എത്രയോ പേർ ഈ ലോകത്തിന്റെ പല കൊണുകളിലുമായി ഇരിക്കുന്നുണ്ട്. ഇതേ തത്വത്തിൽ പ്രവർത്തിക്കുന്ന ഒരു ഉപകരണം വിപണിയിൽ നിലവിലുണ്ടെന്ന് അറിഞ്ഞത് കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഒരു ആശയത്തിന്റെ മുകളിലേക്ക് ഒരു കുടം വെള്ളമൊഴിച്ചതുപോലെ ആയിപ്പോയി
അതിന്‍റെ ലിങ്ക് ഇതാ.

https://green-strike.com/products/automatic-mosquito-preventer/

Sunday, May 21, 2017

ഹെഡ് ലൈറ്റ് കത്തിച്ചാല്‍ മൈലേജ് കുറയും

ഹെഡ് ലൈറ്റ്  കത്തിച്ചാല്‍ മൈലേജ് കുറയും 


 ലേഖകന്‍ : ജൂബിന്‍ ജേക്കബ് ..


ഓൾവെയ്സ് ഹെഡ്‌ലാമ്പ് ഓൺ അഥവാ AHO എന്ന പുതിയ സംവിധാനം നമ്മുടെ ഇരുചക്രവാഹനങ്ങളിൽ നിർബ്ബന്ധമാക്കി.. യഥാർത്ഥത്തിൽ എന്താണ്‌ AHO? എന്താണ്‌ നമ്മുടെ നാട്ടിൽ അതിന്റെ ആവശ്യകത.? ഒരു ആവശ്യവുമില്ലെന്നു മാത്രമല്ല, ശുദ്ധ അസംബന്ധം കൂടിയാണ്‌ പകൽ തെളിയുന്ന ഹെഡ്‌ലാമ്പുകൾ. യൂറോപ്പിൽ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന പ്രീമിയം ബൈക്കുകളിൽ ഈ ഫീച്ചർ നിലവിലുണ്ട്. അത് യൂറോപ്യൻ മാനദണ്ഡം പാലിച്ചുപോന്നതു കൊണ്ടു മാത്രമാണ്‌.
എന്തുകൊണ്ട് യൂറോപ്പിൽ ഈ സംവിധാനം ആവശ്യമായി വന്നു?
വർഷത്തിൽ വേനൽക്കാലമൊഴികെ ബാക്കി ഏതാണ്ടെല്ലാ സമയത്തും മഴയോ മഞ്ഞോ മൂലമുള്ള കാരണങ്ങളാൽ ഒരു പരിധിക്കപ്പുറം കാഴ്ച തടസ്സപ്പെടുന്ന സ്ഥിതിവിശേഷമാണ്‌ യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും. അമേരിക്കയിലെ ചില സ്ഥലങ്ങളിലും ഈ പ്രശ്നമുണ്ടാവാറുണ്ട്. അതുകൊണ്ട് അവിടെയിറങ്ങുന്ന കാറുകളിലും ബൈക്കുകളിലുമൊക്കെ പകൽസമയത്തും തെളിഞ്ഞുനിൽക്കുന്ന, തീവ്രത കുറഞ്ഞ ലൈറ്റുകളുണ്ടാവണമെന്ന് അവിടുത്തെ നിയമം നിഷ്കർഷിക്കുന്നു. കാറുകൾക്കും ബൈക്കുകൾക്കുമെല്ലാം ബാധകമാണിത്. എളുപ്പത്തിൽ കണ്ണിൽപ്പെടാനാണ്‌ ഈ സംവിധാനം. നമ്മുടെ നാട്ടിൽ ഇതെന്തിനു വന്നു എന്ന ചോദ്യമാണിപ്പോൾ മുന്നിലുള്ളത്. ഡെൽഹി പോലെ മൂടൽമഞ്ഞുണ്ടാവാറുള്ള വടക്കൻ സംസ്ഥാനങ്ങളിൽ ഇത് ഒരു പരിധി വരെ ഉപകാരപ്രദമാവാം. പക്ഷേ തെക്കൻ സംസ്ഥാനങ്ങളിൽ ഇത് തികച്ചും അനാവശ്യമാണെന്നേ പറയാനാവൂ. ഉത്തരം മറ്റൊന്നാവാൻ വഴിയില്ല, യൂറോ 4 സംഗതികൾ കോപ്പിയടിച്ച് ബിഎസ് 4 ഉണ്ടാക്കിയപ്പോൾ സംഭവിച്ച ഒരു കോപ്പിയടി. ചോദ്യപ്പേപ്പറിലില്ലാത്ത ചോദ്യത്തിന്‌ ഉത്തരമെഴുതിയതു പോലെ ഏതോ ഉത്തരേന്ത്യൻ ഗോസായി കാണിച്ച മണ്ടത്തരം, അതിനു ചൂട്ടുപിടിക്കുന്ന കോടതിയും സർക്കാരും. അനുഭവിക്കാൻ ജനങ്ങളും. തണുപ്പുരാജ്യത്തു നിന്നു വന്ന ബ്രിട്ടീഷുകാർ ടൈ കെട്ടിയെന്ന പേരിൽ നാൽപ്പതു ഡിഗ്രീ ചൂടു വരുന്ന നാട്ടിലെ കുഞ്ഞുങ്ങളുടെ കഴുത്തിൽ പോലും ടൈ കെട്ടിക്കുന്ന വങ്കന്മാരല്ലേ നമ്മൾ..? ആരെ കുറ്റം പറയാൻ..?
AHO ഭവിഷ്യത്തുകൾ
വലുപ്പച്ചെറുപ്പമില്ലാതെ എല്ലാ ടൂവീലറുകൾക്കും ഇനി മുതൽ ഹെഡ്‌ലാമ്പ് ഓണായിരിക്കണം എന്നാണ്‌ ഉത്തരവ്. എന്തിനെന്നു ചോദിച്ചാൽ ആർക്കും ഉത്തരമില്ല. നമ്മുടെ നാട്ടിലെ ടൂവീലറുകളിലേറെയും 200സിസിയിൽ താഴെയുള്ള കമ്യൂട്ടർ വാഹനങ്ങളാണ്‌. ദൈനംദിന ഉപയോഗത്തിനുള്ളവ. യൂറോപ്പിലേതു പോലെ വാരാന്ത്യങ്ങളിൽ മാത്രം ഇറങ്ങുന്ന ഒരു ഭൂരിപക്ഷമല്ല ഇവിടെയുള്ളത്. ഇന്ത്യയുടെ പകലുകളെ വാഹനസാന്ദ്രമാക്കുന്നതേറെയും മുമ്പു പറഞ്ഞ ചെറുവാഹനങ്ങളാണ്‌. ഇവയ്ക്ക് ദൂരവ്യാപകമായ പ്രശ്നങ്ങളുണ്ടാക്കാൻ പോന്ന ഒരു ഏച്ചുകെട്ടലാണ്‌ AHO.
AC/DC സിസ്റ്റം. ചെറുവാഹനങ്ങളുടെ മിക്കതിന്റെയും ഹെഡ്‌ലൈറ്റ് പ്രവർത്തിക്കുന്നത് AC സിസ്റ്റത്തിലൂടെ അഥവാ എൻജിനോടു ചേർന്നുള്ള ഡൈനമോയിൽ നിന്നാണ്‌. ഹെഡ്‌ലാമ്പിന്റെ വാട്ടേജ് മിക്കവാറും 35 മുതൽ 55 വാട്ട് വരെയാണ്‌. ഇത് സാമാന്യം നല്ലൊരു ലോഡ് ആയിത്തന്നെ എൻജിന്റെ ക്രാങ്ക്ഷാഫ്റ്റിലേക്കെത്തുന്നുമുണ്ട്. നമ്മിൽ പലരും രാത്രിയാത്രകൾ അധികം നടത്താത്തതു കൊണ്ട് വാഹനങ്ങളുടെ ലൈറ്റിങ്ങ് സംവിധാനങ്ങളും കാര്യമായ പ്രശ്നങ്ങൾ കാണിക്കാറില്ല. എന്നാൽ ഇനി അതാവില്ല സ്ഥിതി. ഡൈനമോയിൽ നിന്നും സ്ഥിരമായി ഹെഡ്‌ലാമ്പ് കണക്ഷൻ സജീവമായതു കൊണ്ട് താഴെപ്പറയുന്ന പ്രശ്നങ്ങളുണ്ടാവും.
1. എൻജിനിൽ ലോഡ് കൂടും 1-2 കിലോമീറ്റർ വരെ മൈലേജ് കുറയാം
2. ഡൈനമോയിലെ ചൂടും തന്മൂലം എൻജിന്റെ ചൂടും വർദ്ധിക്കും.
3. ഹെഡ്‌ലാമ്പ് വയറിങ്ങ് മുതൽ ബൾബിന്റെയും റിഫ്ളക്ടറിന്റെയും വരെ ആയുസ്സു കുറയും.
പ്രീമിയം ബൈക്കുകളിൽ DC സിസ്റ്റമാണുള്ളത്. ഹെഡ്‌ലാമ്പടക്കം എല്ലാം ബാറ്ററിയിലൂടെയാണ്‌ പ്രവർത്തിക്കുന്നത്. ശക്തിയേറിയ ആൾട്ടർനേറ്ററും ബാറ്ററിയുമുള്ളതിനാൽ തുടർച്ചയായ ഹെഡ്‌ലൈറ്റ് ഉപയോഗം ഇവയ്ക്കൊരു പ്രശ്നമാവില്ല. തന്നെയുമല്ല, അവയുടെ ഹെഡ്‌ലാമ്പുകൾ തുടർച്ചയായ ഉപയോഗം മുൻകൂട്ടിക്കണ്ട് രൂപകല്പന ചെയ്തവയും, നമ്മുടെ നാട്ടിലെ നിലവാരം കുറഞ്ഞ ഉൽപന്നങ്ങളിൽ നിന്നും വ്യത്യസ്തമായി ഉയർന്ന ഗുണനിലവാരമുള്ളവയുമാണ്‌. അത്തരം ഘടകങ്ങൾ നമ്മുടെ വിപണിയിലിറക്കിയാൽ വാഹനങ്ങളുടെ വിലയും ക്രമാതീതമായി ഉയരാം.
എന്താണ്‌ പരിഹാരം?
യൂറോപ്പിൽ അവർ ഹെഡ്‌ലാമ്പിനു പകരം ഡേ ടൈം റണ്ണിങ്ങ് ലാമ്പുകളാണ്‌ പ്രാവർത്തികമാക്കിയത്. ഇവിടെ ഏതു ബുദ്ധിമാനാണ്‌ അത് ഹെഡ്‌ലാമ്പിലേക്ക് മാറ്റിയതെന്നറിയില്ല. ഇപ്പോൾ എൽഇഡിയിൽ പ്രവർത്തിക്കുന്ന DRLകളാണ്‌ (Daytime Running Lights)പൊതുവെയുള്ളത്. ഹെഡ്‌ലാമ്പിനു പകരം DRL മതിയെന്നു വെച്ചാൽ അതാവും നല്ലത്. ഇനി എന്തൊക്കെയായാലും ഇവ കൊണ്ട് നഗരത്തിരക്കിൽ യാതൊരു ഗുണവുമുണ്ടാവില്ല. പരിസ്ഥിതിവാദികൾ പറയുന്ന നിലയ്ക്കു ചിന്തിച്ചാൽ ആഗോളതാപനത്തിനു പുതിയ സംഭാവനയാണ്‌ പകലും തെളിയുന്ന ഹെഡ്‌ലാമ്പുകളെന്നും വാദിക്കാം..!

എല്ലാരും നെല്ലുണങ്ങുമ്പോൾ കുരങ്ങൻ വാലുണങ്ങുമെന്ന മഹത് വചനം  പോലെ വിദേശരാജ്യങ്ങളെ അതേപടി അനുകരിക്കാൻ ശ്രമിച്ച് ടി കുരങ്ങന്റെ കുടുംബക്കാരിലൊരാൾ പണ്ട് അറുത്തുവച്ച മരത്തടിക്കിടയിൽ സ്വന്തം ഇന്‍സ്ട്രുമെന്റ്  നഷ്ടപ്പെടുത്തിയ അവസ്ഥയിലാണ്‌ നമ്മുടെ രാജ്യവും. മലിനീകരണത്തെ ചെറുക്കാൻ ഭാരത് സ്റ്റേജ് ഫോർ നടപ്പിലാക്കി. നല്ല കാര്യമാണ്‌, വാഹനപ്പെരുപ്പത്തോടൊപ്പം അവ വിസർജ്ജിക്കുന്ന പുകയും വർദ്ധിച്ചുവരുമ്പോൾ അങ്ങനെയെന്തെങ്കിലുമൊക്കെ ചെയ്തില്ലേൽ എല്ലാം കൂടി കട്ടപ്പുക മാത്രമേ ഉണ്ടാവൂ. പക്ഷേ കോപ്പിയടിച്ചു പാസ്സായ ചരിത്രമുള്ളതുകൊണ്ടാണോ എന്തോ ബിഎസ് ഫോറിനെ നിർവ്വചിച്ച മഹാൻ മറ്റൊരു കടുംകൈയും കൂടി ചെയ്തു. എല്ലാ ബൈക്കിനും ഇരിക്കാട്ടെ തുടക്കം മുതൽ ഒടുക്കം വരെ തെളിയുന്ന ഒരു ഹെഡ്‌ലാമ്പ്..! സംഗതി ഇറങ്ങിയപ്പോൾ തന്നെ ഈയുള്ളവൻ ഒരു കാര്യം പറഞ്ഞിരുന്നു. എ.സി സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഹെഡ്‌ലാമ്പുള്ള ചെറുബൈക്കുകളെയും സ്കൂട്ടറുകളെയും ഈ നടപടി ദോഷകരമായി ബാധിക്കുമെന്ന്. അഥവാ, എൻജിനിൽ ലോഡ് കൂടുമ്പോൾ സ്വാഭാവികമായും മൈലേജ്, കരുത്ത് എന്നിവയിലും കുറവുണ്ടാകും. ഇതു പറഞ്ഞപ്പോൾ മൂഷികവൃഷണ ഭേദമറിയാത്ത കുറെയെണ്ണം എന്നെ പരസ്യമായും രഹസ്യമായും പുലഭ്യം പറഞ്ഞു.. മിക്കവരും കേന്ദ്രസർക്കാരിന്റെ ഫാൻസ്, അവറ്റകളുടെ വിചാരം ബി.എസ്. ഫോർ കൊണ്ടുവന്നത് മോദിജിയാണെന്നും അതിലെ അപാകതകളെ വിമർശിക്കുക വഴി ഞാൻ ലക്ഷ്യമിട്ടത് ഉലകം ചുറ്റും വാലിബനായ പ്രധാൻമന്ത്രിജിയെയാണെന്നുമാണ്‌. ആ, അതൊക്കെ പോട്ടെ. ഇപ്പോൾ പല ചെറുവാഹനങ്ങളുടെയും അപ്ഡേറ്റഡ് സ്പെസിഫിക്കേഷൻ എടുത്തുനോക്കിയാൽ കരുത്തിൽ നേരിയ കുറവുണ്ടായിട്ടുണ്ടെന്നു മനസ്സിലാവും. ഉദാ: ഹോണ്ടാ ഹോർനറ്റിന്റെ പവർ ബിഎസ് ത്രീ പതിപ്പിൽ 15.66 Bhpയായിരുന്നെങ്കിൽ പുതിയ ബിഎസ് ഫോർ ബൈക്കിന്‌ അത് 15.04 Bhp യായി കുറഞ്ഞു. 0.66 ബ്രേക്ക് ഹോഴ്സ് പവർ എവിടെപ്പോയി എന്ന ചോദ്യത്തിനുത്തരവാദി വണ്ടിയുടെ മുന്നിൽ തന്നെ പല്ലിളിച്ചുകൊണ്ടിരിപ്പുണ്ട് - ഹെഡ്‌ലൈറ്റു തന്നെ...! ഹോണ്ടയിൽ നിന്നു തന്നെ ഇതിന്റെ വിശദീകരണം വന്നിട്ടുണ്ടെന്ന് പ്രമുഖ ഓട്ടൊമൊട്ടീവ് വെബ് പോർട്ടലായ ഭാരത് ഓട്ടോസ് ഡോട് കോം റിപ്പോർട്ട് ചെയ്യുന്നു.
ഇനിയെങ്കിലും തർക്കിക്കാൻ വരുന്ന തർക്കോവ്സ്കികൾ ഒരു കാര്യം മനസ്സിലാക്കണം. വല്ല വണ്ടിക്കമ്പനികളും ഇറക്കുന്ന ബ്രോഷർ വായിച്ചുപഠിച്ചിട്ടല്ല ഞാൻ ഈ പണിക്കിറങ്ങിയത്. കോളേജിൽ തന്നെ തിയറിയും പ്രാക്ടിക്കലും പഠിച്ചതു കൂടാതെ നല്ല അന്തസ്സായി കരിയും ഗ്രീസും ഓയിലും ചെളിയുമൊക്കെ പുരണ്ട് വർക്ക്‌ഷോപ്പിൽ വണ്ടി പണിയാൻ നടന്നിട്ടും കൂടിയാണ്‌ വാഹനങ്ങളെ അടുത്തു മനസ്സിലാക്കാൻ കഴിഞ്ഞത്. ഹെഡ്‌ലൈറ്റിട്ടാൽ എൻജിൻ പവറിനെ ബാധിക്കില്ലെന്നു പറയുന്നവർ മണ്ണെണ്ണയിലോടുന്ന ജനറേറ്റർ കണ്ടിട്ടുണ്ടോ..? ഉണ്ടെങ്കിൽ അത് സ്റ്റുഡിയോക്കാർ വീഡിയോ ലൈറ്റിനു വേണ്ടി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. ഹാലജൻ ബൾബ് തെളിയുമ്പോൾ അതുവരെ മിടുക്കനായി ഓടിക്കൊണ്ടിരുന്ന ജനറേറ്ററിന്റെ എൻജിൻ ഒന്നു പമ്മും.. അതായതുത്തമാ, ജനറേറ്ററിന്റെ ഊർജ്ജശ്രോതസ്സ് അതിന്റെ എൻജിനാണെങ്കിൽ ആ ജനറേറ്ററിൽ വരുന്ന ലോഡും ആ എൻജിനിലേക്കു തന്നെയാണ്‌ ചുമത്തപ്പെടുന്നത്. ഒരു വാഹനത്തിലെ ഇന്റേണൽ കംബഷൻ എൻജിൻ പ്രവർത്തിക്കുമ്പോൾ ഊർജ്ജനഷ്ടം പലവഴിക്കാണ്‌. ടൂവീലറുകളിലും അതുണ്ട്. ക്രാങ്ക് ഷാഫ്റ്റിൽ ലഭിക്കുന്ന കരുത്തിൽ നിന്നും പല വിതരണനഷ്ടങ്ങളും അഥവാ ട്രാൻസ്മിഷൻ ലോസും കഴിഞ്ഞാണ്‌ അവസാനം പിൻചക്രത്തിലേക്ക് എൻജിന്റെ കറക്കം വന്നുചേരുന്നത്. അതിൽ പ്രധാനമായവ ഇവയാണ്‌.

1. ടൈമിങ്ങ് ചെയിൻ, ക്യാംഷാഫ്റ്റടക്കമുള്ള വാൽവ് ഓപ്പറേറ്റിങ്ങ് മെക്കാനിസം. ഇത് എൻജിന്റെ അവശ്യഭാഗമാണെങ്കിലും ഊർജ്ജത്തിന്റെ ഒരു പങ്ക് ഈ സംവിധാനം പ്രവർത്തിക്കാനാവശ്യമാണ്‌.
2. ഫ്ളൈവീൽ, ഡൈനമോ എന്നിവ.
3. ക്ളച്ച്. ഇരുചക്രവാഹനങ്ങളിൽ വെറ്റ് മൾട്ടിപ്ളേറ്റ് ക്ളച്ചാണുള്ളത്. ഓയിലിൽ കുതിർന്നു പ്രവർത്തിക്കുന്നവയാണെങ്കിലും ആത്യന്തികമായി ഘർഷണമാണ്‌ ക്ളച്ചിന്റെ പ്രവർത്തനതത്വം. അതുകൊണ്ടാണല്ലോ ഫ്രിക്ഷൻ പ്ളേറ്റുകൾ ഉപയോഗിക്കുന്നത്. ഘർഷണത്തിലൂടെയുള്ള ഊർജ്ജനഷ്ടം ഓരോ സമയത്തെയും ഉപയോഗമനുസരിച്ച് വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും.
4. ട്രാൻസ്മിഷൻ. ഗിയർവീലുകളിലും ഊർജ്ജനഷ്ടം സംഭവിക്കാറുണ്ട്. സീക്വൻഷ്യൽ സംവിധാനമാണ്‌ എല്ലാ ബൈക്കുകളിലും ഉപയോഗിക്കുന്നത്. പഴയ വാഹനങ്ങളെ അപേക്ഷിച്ച് പുതിയ ബൈക്കുകളിൽ ട്രാൻസ്മിഷൻ ഭാഗത്ത് ഊർജ്ജനഷ്ടം കുറവാണ്. പഴയകാല ട്രാൻസ്മിഷനുകളിൽ ഘർഷണം കുറയ്ക്കാൻ പിച്ചള പോലെയുള്ള ലോഹങ്ങൾ കൊണ്ടാണ് ബുഷുകളും മറ്റും നിർമ്മിച്ചിരുന്നത്. ഇന്ന് അതിനു പകരം മോളിബ്ഡിനം മുതൽ കാർബൺ വരെ ഉപയോഗി.
5. ഫൈനൽ ഡ്രൈവ്. ചെയിനും സ്പ്രോക്കറ്റുമാണ്‌ നമ്മുടെ വാഹനങ്ങളിൽ ഏറ്റവും സർവ്വസാധാരണമായ ഫൈനൽ ഡ്രൈവ്. ചെയിനാണെങ്കിലും ബെൽറ്റാണെങ്കിലും അതിലൂടെയൊക്കെ ഊർജ്ജനഷ്ടം സംഭവിക്കാറുണ്ട്. ഷാഫ്റ്റ് ഡ്രൈവിലാണ്‌ താരതമ്യേന ഇതു കുറവായിത്തോന്നിയത്. അതാണെങ്കിൽ ഇവിടെയെങ്ങും ഒരു ബൈക്കിലും ഉപയോഗിക്കുന്നുമില്ല.

പ്രധാനമായും ഈ അഞ്ചു സ്ഥലങ്ങളിൽ ഊർജ്ജനഷ്ടമുണ്ടാവുമ്പോൾ അതിൽ ഒരെണ്ണമെങ്കിലും കുറയ്ക്കാൻ ശ്രമിക്കുകയല്ലേ വേണ്ടത്..? അതിനു പകരം കൂടുതൽ ഊർജ്ജം ചെലവാകാനിടയാക്കുന്ന ഡേ ടൈം ഹെഡ്‌ലാമ്പ് പോലെയുള്ള തുഗ്ളക്ക് പരിഷ്കാരങ്ങൾ നടത്തുമ്പോൾ പാഴായിപ്പോകുന്നത് എൻജിനിലെ ഊർജ്ജം മാത്രമല്ല, അതുണ്ടാവാൻ കത്തുന്ന ഇന്ധനം കൂടിയാണ്‌. ആ നഷ്ടം ഒരു വ്യക്തിക്കോ നാടിനോ മാത്രമല്ല, മുഴുലോകത്തിനും കൂടിയാണ്‌. ഇന്ധനം എല്ലാവർക്കും ആവശ്യവും അവകാശവുമുള്ള വസ്തുവാണെന്ന് മനസ്സിലാക്കാൻ തക്ക ബോധവും വിദ്യാഭ്യാസവുമുള്ള ആരെങ്കിലും ഇതിന്റെയൊക്കെ തലപ്പത്തു വരട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ട് നിർത്തട്ടെ, നന്ദി നമസ്കാരം..!
- Jubin Jacob Kochupurackan
https://www.facebook.com/jubin.jacob

Monday, May 1, 2017

ജിയോ സിമ്മില്‍ നിന്നും കോളുകള്‍ പോകുന്നില്ലേ ഇതാ പരിഹാരം

ജിയോ സിമ്മില്‍ നിന്നും കോളുകള്‍ പോകുന്നില്ലേ ഇതാ  പരിഹാരം 


      രണ്ടു സിം ഉപയോഗിക്കുന്ന നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ജിയോ സിമ്മില്‍ നിന്ന് മാത്രം കോളുകള്‍ പോകുന്നില്ല .മറ്റേ സിമ്മിന് കുഴപ്പമില്ല ഇത് ഇപ്പോള്‍ വ്യാപകമായിരിക്കുന്ന ഒരു തകരാര്‍ ആണ്.volte ഉപയോഗിച്ച് 4ജി പ്രവര്‍ത്തിപ്പിക്കുന്ന  ചിപ്പ് ഓവര്‍ ക്ലോക്ക് ചെയ്യുന്നത്(ഹാങ്ങാകുന്നത്) മൂലമാണിത്.ഇത് പരിഹരിക്കുവാന്‍ ഫോണ്‍ റീ സ്റ്റാര്‍ട്ട് ചെയ്തിട്ട് കാര്യമില്ല തകരാര്‍ പരിഹരിക്കപ്പെടില്ല . .ഫോണ്‍ സെറ്റിങ്ങ്സില്‍ പോയി ജിയോ സിം മാത്രം ഓണ്‍ ഓഫ് ചെയ്‌താല്‍ മതിയാകും .അപ്പോള്‍ volte ചിപ്പ് റീ സെറ്റ് ആകും തകരാര്‍ പരിഹരിക്കപ്പെടും .ചില ഫോണുകളില്‍ കോള്‍ സെറ്റിങ്ങ്സില്‍ കോള്‍ ചെയ്യുവാനുള്ള ഓപ്ഷന്‍  ജിയോ സിം ആയി സെറ്റ് ചെയ്തിരിക്കുന്നത് അടുത്ത കമ്പനിയുടെ സിമ്മിലേക്ക് മാറ്റുക ഉടന്‍ തിരിച്ചു ജിയോ സിമ്മിലെക്ക് മാറ്റുക.ഇതിനു സിം സ്വാപ്പിംഗ് എന്ന് പറയും.മറ്റു ചില ഫോണുകളില്‍ സെറ്റിങ്ങ്സില്‍ പോയി  സിം കാര്‍ഡ് ആന്‍ഡ്‌ മൊബൈല്‍ നെറ്റ് വര്‍ക്ക് എടുത്ത് അതിലെ  VoLTE enabled എന്ന ബട്ടന്‍ ഓഫ് ഓണ്‍ ചെയ്‌താല്‍ മതിയാകും .

Saturday, April 8, 2017

റേഞ്ചില്ലാത്തിടത്തും 4G
വീടുകളില്‍ DTH ലഭിക്കാന്‍ ഉപയോഗിക്കുന്ന  ചെറിയ ഡിഷ്‌ ഒരെണ്ണം സംഘടിപ്പിക്കുക .സ്ക്രാപ്പ് കടകളില്‍ തിരക്കിയാല്‍ ലഭിക്കും.വല്ല 100 രൂപയോ മറ്റോ കൊടുത്താല്‍ മതിയാകും.അതില്‍ LNB ഘടിപ്പിച്ചിരിക്കുന്ന ഭാഗത്ത് അത് ഊരി മാറ്റിയ ശേഷം ജിയോയുടെ  വൈഫൈ  ഡിവൈസ് ആയ ജിയോ ഫൈ ഒരു കേബിള്‍ ടൈ അല്ലെങ്കില്‍ ചരട് ഉപയോഗിച്ച് കെട്ടി ഉറപ്പിക്കുക .ജിയോഫൈ ഡിവൈസിലെ സിഗ്നല്‍ സ്ട്രെങ്ങ്ത് കാണിക്കുന്ന LED ഇന്‍ഡിക്കേറ്റര്‍ നീലക്കളറില്‍ അല്ലെങ്കില്‍  പച്ചക്കളറില്‍  ബ്ലിങ്ക് ചെയ്യാതെ കത്തുന്ന പോസിഷനിലേക്ക് ഡിഷ്‌ പതിയെ തിരിച്ചു നോക്കുക.നിങ്ങളുടെ പ്രദേശത്തെ ജിയോ ടവറിന്‍റെ സ്ഥാനം അറിയാമെങ്കില്‍  ഏകദേശം  ആ പോസിഷനിലേക്ക് തിരിച്ചാല്‍ മതിയാകും. വീടിന്‍റെ മുകളില്‍ കൊണ്ടുപോയി ഡിഷ്‌ വയ്ക്കണമെന്നില്ല . വീടിനകത്ത് മേശപ്പുറത്തോ ,ഇറയത്തോ തട്ടി മറിയാത്ത വിധം ഡിഷ്‌ ഉറപ്പിക്കാം സാധാരണ ഗതിയില്‍ ടവറില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ വരെയേ 4ജി നല്ല സ്പീഡില്‍ ലഭിക്കുകയുള്ളൂ.അതിനും അകലെയുള്ളവര്‍ക്ക് സ്പീഡ് കുറയും .ഇങ്ങനെയൊരു സെറ്റപ്പ് ഉണ്ടാക്കിയാല്‍  ടവറില്‍ നിന്നും പത്ത് കിലോമീറ്റര്‍ ദൂരത്തില്‍ വരെ നല്ല സ്പീഡില്‍ ഇന്റര്‍നെറ്റ് ലഭിക്കുന്നതായി പരീക്ഷിച്ചറിഞ്ഞു.
  നിലവില്‍ 3ജി ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ആ ഫോണില്‍ "ജിയോ 4ജി വോയിസ് കോളിംഗ് ആപ്പ്" ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ ഫോണ്‍നിങ്ങളുടെ ജിയോ ഫൈ ഡിവൈസുമായി പെയര്‍ ചെയ്തു വോയിസ് കോള്‍ ചെയ്യുകയും സ്വീകരിക്കുകയും ചെയ്യാം.ജിയോ ഫൈ ഡിവൈസ് പത്ത് മിനിറ്റ് ഉപയോഗിക്കാതെ വച്ചാല്‍  അത് ബാറ്ററി ലാഭിക്കുന്നതിനായി പവര്‍ സേവര്‍ മോഡിലേക്ക് മാറും.ഇങ്ങനെ വന്നാല്‍ നമുക്ക് ഇന്‍കമിംഗ് കോളുകള്‍ ലഭിക്കില്ല ഈ പ്രശ്നം നിങ്ങളുടെ ജിയോ ഫൈ ഡിവൈസിന്‍റെ സെറ്റിങ്ങ്സില്‍ നിങ്ങളുടെ ഫോണ്‍ ഉപയോഗിച്ച് കയറി (നെറ്റ് ഓണ്‍ ആയിരിക്കണം ,ഡിവൈസ് ഫോണുമായി പെയര്‍ ചെയ്തിരിക്കണം)അവിടെ യൂസര്‍നെയിം administretor പാസ്വേര്‍ഡ് admimisretor എന്ന് നല്‍കി സ്ലീപ്‌ ടൈമര്‍ ഡിസ്ഏബിള്‍ എന്നാക്കിയാല്‍ മതി.

പാസ് വേര്‍ഡ് എങ്ങനെ മാറ്റാം എന്ന് ഇവിടെ വിശദീകരിച്ചിരിക്കുന്നു.

Friday, January 27, 2017

3D TV വിസ്മൃതിയിലേക്ക്

            3D TV വിസ്മൃതിയിലേക്ക് 
                                                          സുജിത് കുമാര്‍ 


 സോണിയും എൽ ജിയുമെല്ലാം 3‌ഡി ടെലിവിഷനുകലുടെ ഉല്പാദനം നിർത്തുന്നു എന്ന വാർത്ത കണ്ടപ്പോൾ ഒരു സുഹൃത്തിനെ ഓർത്തു.
മൂന്നു വർഷങ്ങൾക്ക് മുൻപ് ഒരു സുഹൃത്ത് എൽ ഇ ഡി ടിവി വാങ്ങാൻ പോയപ്പോൾ സെയിൽസ്മാന്റെ കെണിയിൽ വീണ് വലിയ വില കൊടുത്ത് ‌3ഡി ടിവി വാങ്ങിപ്പോന്നു. വാങ്ങുന്നതിന്റെ മുൻപേ കക്ഷി ഫോൺ വിളിച്ച് അഭിപ്രായമൊക്കെ ചോദിച്ചിരുന്നു. അന്നേ പറഞ്ഞതാണ് ഇത് വാങ്ങേണ്ട നിങ്ങൾ ഉദ്ദേശിക്കുന്ന 3ഡി എഫക്റ്റ് അതിൽ കിട്ടില്ല, മാത്രവുമല്ല കൂടുതൽ നേരം കാണുന്നത് കണ്ണിനു ആയാസമുണ്ടാക്കും, ഒന്നോ രണ്ടോ തവണ കാണുമ്പോഴേയ്ക്കും തന്നെ മതിയാകും എന്നതിനാൽ ഈ ഫീച്ചറിനായി മാത്രം നല്ലൊരു തുക അധികം ചെലവാക്കുന്നത് ഒട്ടും ബുദ്ധിയല്ല എന്നെല്ലാം പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും കക്ഷി അവസാനം 'പിള്ളേർക്ക് ഇഷ്ടപ്പെടും' എന്ന് വിശ്വസിച്ച് അത് വാങ്ങിയിട്ടേ അടങ്ങിയുള്ളൂ. ഇതുപോലെത്തന്നെയാണ് സാധാരണ മോഡലുകളേക്കാൾ ഇരുപതു ശതമാനത്തിലധികം വിലക്കൂട്ടി 'സ്മാർട്ട് ടിവിയും ഇന്റർനെറ്റ് ടിവിയും; എല്ലാം വിൽക്കുന്നത്. 1000 രൂപയിൽ തുടങ്ങുന്ന ഏതെങ്കിലും ഒരു HDMI Casting dongle ഉപയോഗിച്ച് ഏത് ടിവിയേയും ഇന്റർനെറ്റ് എനേബിൾഡ് ആക്കാമെന്നിരിക്കേയാണ് ഇന്റർനെറ്റ് എന്ന ഒരൊറ്റ ഫീച്ചറിനായി വലിയ വില കൊടുക്കുന്നത്.
ഒരിക്കൽ വീട്ടിൽ വന്ന സുഹൃത്ത് ടി വി കണ്ടുകൊണ്ടിരിക്കുമ്പോൾ ചോദിച്ചു- സോണി ആണല്ലേ? എന്റെ വീട്ടിലും സോണി ആണ് വില അല്പം കൂടുതൽ കൊടുത്താലെന്താ ഇതുപോലത്തെ പിക്ചർ ക്വാളിറ്റി ആർക്കെങ്കിലും തരാനാകുമോ? അതു കേട്ട് ചിരി അടക്കാനായില്ല. എന്റെ ടി വി സോണിയും കോണിയും ഒന്നുമല്ല. VU ആണ്. പിള്ളേരുടെ സ്റ്റിക്കർ പ്രയോഗത്തിൽ ബ്രാൻഡ് നേം മറഞ്ഞതിനാൽ ഉണ്ടായ ആശയക്കുഴപ്പം ആണ് എന്റെ VU ടെലിവിഷനെ Sony ആക്കി മാറ്റിയത്. ‌പിക്ചർ / സൗണ്ട് ക്വാളിറ്റി നോക്കി ബ്രാൻഡ് വിലയിരുത്തുന്ന കാലമൊക്കെ പോയി. ഇക്കാലത്ത് പ്രധാനം വീഡിയോയുടെ സോഴ്സ് ക്വാളിറ്റിയും ഫോർമാറ്റുമെല്ലാമാണ്. ബഡ്ജറ്റ് ടെലിവിഷൻ കമ്പനികളും ഇക്കാലത്ത് തങ്ങളൂടെ ടെലിവിഷനുകളിൽ ഉന്നത ഗുണനിലവാരമുള്ള പാനലുകളും കമ്പോണന്റുകളും ഉപയോഗിക്കുന്നുണ്ട്. ഒരു വർഷത്തെ വാറണ്ടി കാലാവധി കഴിഞ്ഞാൽ വൻകിട അന്താരാഷ്ട്ര ബ്രാൻഡുകളുടെ ടെലിവിഷനുകൾ റിപ്പയർ ചെയ്യാൻ ആവശ്യമായ പണം കൊണ്ട് പുതിയ ടി വി വാങ്ങാം. അതിനാൽ മിനിമം മൂന്നു വർഷത്തെ വാറണ്ടി എങ്കിലും കിട്ടുമെങ്കിൽ മാത്രം വലിയ ബ്രാൻഡുകളുടെ പിറകേ പോകുന്നതാണ് നല്ലത്. എൽ ഇ ഡി ടിവിയുടെ ഹൃദയമായ പാനലുകൾ ആണ് ഏറ്റവും കൂടുതൽ കേടാകുന്നത്. പാനലുകളിലാകട്ടെ റിപ്പയർ ചെയ്യാൻ കഴിയുന്ന കുഴപ്പങ്ങൾ ഉണ്ടാകുന്നത് കുറവായതിനാൽ മിക്കവാറും മൊത്തമായിത്തന്നെ മാറ്റി വയ്ക്കേണ്ടി വരുന്നതായാണ് കണ്ടു വരുന്നത്. തെറ്റിദ്ധരിപ്പിക്കപ്പെടുന്ന സ്പെസിഫിക്കേഷനുകളുടേയും ഫീച്ചറുകളുടേയും പിറകേ പോയി കൂടുതൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിലും നല്ലത് അടിസ്ഥാനപരമായ കാര്യങ്ങളിൽ ശ്രദ്ധ ഊന്നുന്നതാണ്. കടകളിൽ പോയി ടി വി വാങ്ങുമ്പോൾ വ്യൂവിംഗ് ആംഗിൾ, റീഫഷ് റേറ്റ് തുടങ്ങിയവയൊക്കെ കണക്ക് കൂട്ടി പോയാലും ഡിസ്പ്ലേ‌ ചെയ്തിരിക്കുന്ന വീഡിയോക്ക് അനുസരിച്ച് ബ്രൈറ്റ്നെസും കോൺട്രാസ്റ്റും എല്ലാം അഡ്ജസ്റ്റ് ചെയ്തു വച്ചിട്ടുണ്ടാകും എന്നതിനാൽ താരതമ്യപ്പെടുത്തി ഒരു തീരുമാനത്തിൽ എത്താനാകില്ല. ഈ സാഹചര്യത്തിൽ കണക്കിലെടുക്കാൻ കഴിയുന്ന അടിസ്ഥാനപരമായ ചില കാര്യങ്ങൾ:
1. വലിപ്പം (സ്ക്രീൻ സൈസ്)- കയ്യിൽ കാശുണ്ടെങ്കിലും മുറി വലിപ്പമുള്ലതുമാണെങ്കിൽ വലുത് ആണ് കൂടുതൽ നല്ലത്. (ഒരു ഏകദേശ കണക്ക് വച്ച് മിനിമം - മാക്സിമം വ്യൂവിംഗ് ഡിസ്റ്റൻസ് കണക്കാക്കാം സ്ക്രീൻ സൈസിനെ 1.5 കൊണ്ട് ഗുണിച്ചാൽ മിനിമം ഡിസ്റ്റൻസും അതിനെ ഇരട്ടി ആക്കിയാൽ മാക്സിമം ഡിസ്റ്റൻസും കിട്ടും. അതായത് ഒരു 40 ഇഞ്ച് ടി വി ആണെങ്കിൽ സ്ക്രീനിൽ നിന്നും 5 മുതൽ 10 അടി വരെ ദൂരെ ഇരുന്ന് കാണുന്നതായിരിക്കും ഏറ്റവും നല്ലത്. മുറിയുടെ വലിപ്പത്തിനനുസരിച്ച് വലിപ്പം തീരുമാനിക്കാം. ഇതിലും വീഡിയോ റസല്യൂഷൻ അനുസരിച്ച് വ്യത്യാസം വരുന്നു.
2. റെസല്യൂഷൻ (എച് ഡി റെഡി, ഫുൾ എച് ഡി, അൾട്രാ എച് ഡി (4k))- നിലവിലെ സാഹചര്യത്തിൽ എച് ഡി റെഡി വാങ്ങാതിരിക്കുക. ഫുൾ എച് ഡി യോ 4K യോ ആണ് കൂടുതൽ നല്ലത്.
3. പോർട്ടുകളും കണക്റ്ററുകളും -ഒന്നിൽ കൂടുതൽ ‌HDMIപോർട്ടുകൾ, ഒന്നിലധികം യു എസ് ബി പോർട്ടുകൾ തുടങ്ങിയവ അവശ്യം വേണ്ടതാണ്.
4. പരമ പ്രധാനമായത്- വില. കുറഞ്ഞ വിലയിൽ നല്ല സ്ക്രീൻ സൈസും റസലൂഷനും മറ്റ് ഫീച്ചറുകളും കിട്ടുന്നുണ്ടെങ്കിൽ ശരാശരി വില്പനാനന്തര സേവനമെങ്കിലും നൽകുന്ന ഒരു ബഡ്ജറ്റ് ടി വി തെരഞ്ഞെടുക്കുന്നതായിരിക്കും കൂടുതനല്ലത്. കാരണം എൽ ഇ ഡി ടിവികളുടെ ആയുസ്സിന്റെ കാര്യത്തിൽ ഒരു ബ്രാൻഡ് നല്ലത് മറ്റൊരു ബ്രാൻഡ് മോശം എന്ന് ഒരിക്കലും തറപ്പിച്ച് പറയാനാകില്ല. അനാവശ്യമായതും ഒരിക്കലും ഉപയോഗിക്കാൻ സാദ്ധ്യതയില്ലാത്തതുമായ ഫീച്ചറുകൾക്ക് പിറകേ പോയി പണം പൊടിക്കുന്നത് മണ്ടത്തരമാണ്.
5. വിൽപനാനന്തര സേവനം: ബഡ്ജറ്റ് ടെലിവിഷനുകളായ VU,TCL,Infocus, Micromax തുടങ്ങിയവ വിൽപ്പനാനന്തര സേവനത്തിന്റെ കാര്യത്തിൽ അല്പം പിറകോട്ടാണെന്നുള്ളതാണ് പ്രധാന പ്രശ്നം. പക്ഷേ‌ വലിയ വിലകൊടുത്ത് വിൽപനാനന്തര സേവനം വാങ്ങണോ അതോ തീരെ വിലകുറഞ്ഞ് ടി വി വാങ്ങണോ എന്ന് തീരുമാനിക്കേണ്ട ഒരു സാഹചര്യം വരുമ്പോൾ മിക്കപ്പോഴും വിലക്കൂറവിന്റെ തട്ട് താഴ്ന്ന് നിൽക്കുന്നതായി കാണാം. എൽ ഇ ഡി ടിവിയുടെ കാര്യത്തിൽ പ്രത്യേകിച്ചും.
നിങ്ങളുടെ എൽ ഇ ഡി ടിവി അനുഭവങ്ങൾ പങ്കുവയ്കൂ. പുതിയ ടി വി തെരഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഉപകാരപ്രദമാകട്ടെ.

 
സുജിത് കുമാര്‍  ഓണ്‍ ഫേസ്ബുക്ക്
https://www.facebook.com/sujithkrk/posts/1182027395237501

 അനുഭവങ്ങള്‍ ,പ്രതികരണങ്ങള്‍
 
1,Jith Raj സ്മാർട്ട് ടീവിക്ക് പുറകെ പോകാത്തതാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം. രണ്ടു കാരണങ്ങൾ ആണ് എനിക്ക് തോന്നിയിട്ടുള്ളത്, 1. വില വളരെ കൂടുതൽ ആവും, പോസ്റ്റിൽ പറഞ്ഞ പോലെ കുറഞ്ഞ ചിലവിൽ മറ്റു വഴികളിലൂടെ നമുക്ക് ടീവിയെ സ്മാർട്ട് ആക്കാം: Chromecast മുതൽ Raspberry Pi വരെ ഇതിനായി ഉപയോഗിക്കാം. 2. ആൻഡ്രോയിഡ് TV software ഉപയോഗിക്കാത്ത മിക്ക സ്മാർട്ട് ടീവീകളും അപ്‌ഡേറ്റിന്റെ കാര്യത്തിലൊക്കെ കണക്കാണ്. ഈ കാരണം കൊണ്ട് തന്നെ പല പുതിയ ആപ്പ്ലിക്കേഷനുകളും നമ്മുടെ സ്മാർട്ട് tv support ചെയ്‌യണം എന്നില്ല.
പല കാലഘട്ടങ്ങളായി ഇത് വരെ 4 ഡിജിറ്റൽ മീഡിയ പ്ലേയേഴ്സ് ഉപയോഗിച്ചിട്ടുണ്ട്. Roku, Chromecast, Android TV stick, Amazon Fire TV എന്നിവ. ഇതിൽ ഏറ്റവും നന്നായി തോന്നിയത് fire stick ആണ്. കാരണം അതിനു physical remote ഉണ്ട്, chromecast പോലെ കാസ്റ്റിംഗ് പറ്റും, ഓൺ സ്ക്രീൻ ഇന്റർഫേസ് ഉണ്ട്. എല്ലാത്തിനും ഉപരിയായി Kodi അതിൽ ഇൻസ്റ്റാൾ ചെയ്‌യാൻ സാധിക്കും. Kodi എന്താണെന്നു അറിയാത്തവർ താഴത്തെ ലിങ്കിൽ പോയാൽ ഒരു idea കിട്ടും.

https://kodi.tv/about/


2,Shamod AP
   Still agreeing with your points... I am also a victim of 3D TV... Bought it 5yrs back.. വാങ്ങിയ ആവേശത്തില് കുറച്ച് മൂവീസ് കണ്ടിരുന്നു... ഇപ്പോ അതിന്റെ ഗ്ളാസൊക്കെ എവിടെയോ പൊടിപിടിച്ച് കിടക്കുന്നുണ്ട്...
പിന്നെ ബ്രാന്ഡഡ് പ്രൊഡക്ടാവുമ്പോള് service നന്നായിരിക്കും.. പല കമ്പനികളും 10 വര്ഷം വാറന്റി പറഞ്ഞിട്ട് രണ്ട് വര്ഷം കൊണ്ട് പൂട്ടിപ്പോയ അവസ്ഥ ഉണ്ട്...


3,
Jaikishan Vallyil Gopinathan  23 ഫോർമാറ്റ് കൾ പ്ലേ ചെയ്യുമെന്ന് പറഞ്ഞത് കേട്ട്,സാംസങ്ങിന്റെ സാമാന്യം നല്ല വിലയുള്ള ഒരു l e d ടി വി വാങ്ങിയിരുന്നു(ഡവുണ് ലോടിയ സിനിമ ഡോകയുമെന്ററികൾ കാണാൻ).അനുഭവം മിക്ക ഫോമറ്റുകളും വർക് ചെയ്യുന്നില്ല എന്നാണ്(mvk..etc)
ഓസിന് കിട്ടിയ ഒരു എൽ ജി ടിവി ഉണ്ട്.അതും l e d. വലിയ അവകാശ വാദങ്ങൾ ഒന്നുമില്ലാതെ അതിൽ ഒട്ടുമുക്കാലും ഫോമറ്റുകൾ പ്ലൈ ചെയ്യുന്നു.


4,
Anish KS കഴിഞ്ഞ വര്‍ഷം ഒരു വിയു 40 ഇഞ്ച്‌ ടിവി വാങ്ങി, ഇതുവരെ കുഴപ്പമില്ല. സുജിത്തിന്റെ പഴയൊരു പോസ്റ്റ്‌ ആയിരുന്നു വിയു തിരഞ്ഞെടുക്കാന്‍ പ്രചോദനമായത്. ഗൂഗിള്‍ ക്രോംകാസ്റ്റ് ഒരെണ്ണം വാങ്ങി, ടിവി സ്മാര്‍ട്ട്‌ ആയി. സ്മാര്‍ട്ട്‌ ടിവി വാങ്ങുന്നത് മണ്ടത്തരമാണ്, 3000 മുടക്കിയാല്‍ എച്ച്ഡിഎംഐ പോര്‍ട്ടുള്ള ഏതു ടിവിയും സ്മാര്‍ട്ട്‌ ആക്കാം. ക്രോംകാസ്റ്റിനെക്കള്‍വിലകുറവുള്ള വെബ്‌ കാസ്റ്റിംഗ് ഡിവൈസുകള്‍ ലഭ്യമാണ്. ഹോട്ട്സ്റ്റാര്‍ ടിവി വഴി കാസ്റ്റ് ചെയ്യുവാന്‍ കഴിയുന്നുണ്ട്. http://www.anishks.com/vu-led-tv-review/

5,
Razy K Salam ഒരു 3D UHD വാങ്ങാനുള്ള ആഗ്രഹത്തിൽ ആയിരുന്നു. 3D ഇപ്പോൾ പുതിയ മോഡൽ വരുന്നില്ല എന്നത്‌ നോട്ട്‌ ചെയ്തിരുന്നു. അപ്പോൾ അതിൽ എന്തോ പോരായ്മ ഉണ്ടെന്നർത്ഥം. ഇനി UHD മാത്രം ഉള്ളത്‌ നോക്കണം എന്നർത്ഥം. പോസ്റ്റിന് നന്ദി

Wednesday, September 21, 2016

റിലയൻസ് ജിയോ :നിങ്ങളുടെ എല്ലാ സംശയങ്ങള്‍ക്കും ഉത്തരങ്ങള്‍

റിലയൻസ് ജിയോ :നിങ്ങളുടെ എല്ലാ സംശയങ്ങള്‍ക്കും ഉത്തരങ്ങള്‍
1996 ഒക്ടോബർ 31 ന് വൈകുന്നേരം 4:38 ന് കൊച്ചി വെല്ലിംഗ്ടൺ ഐലന്റിലെ താജ് മലബാർ ഹോട്ടലിൽ നിന്ന് സതേൺ നേവൽ കമാൻഡ് വൈസ് അഡ്മിറൽ എ ആർ ഠണ്ഡൻ കൊച്ചി രവിപുരത്തെ മേഴ്സി എസ്റ്റേറ്റ് ഹോട്ടലിന്റെ നാലാം നിലയിലെ എസ്കോട്ടെൽ മൊബൈൽ കമ്മ്യൂണിക്കേഷന്റെ ഓഫീസിലിരുന്ന നോവലിസ്റ്റും കഥാകാരനുമായ തകഴി ശിവശങ്കരപ്പിള്ളയെ മൊബൈൽ ഫോണിൽ വിളിച്ചാണ് കേരളത്തിലെ ആദ്യത്തെ സെല്ലുലാർ ടെലിഫോൺ സർവീസിനു തുടക്കം കുറിക്കുന്നത്. ആ മുഹൂർത്തത്തിന് ഞാനും സാക്ഷി. നോക്കിയയുടെ 1610 എന്ന ഫോൺ തകഴിയും ഫിലിപ്സ് ഫിസ് എന്ന ഫോൺ വൈസ് അഡ്മിറലും ഉപയോഗിച്ചു. അന്ന് വൈസ് അഡ്മിറലിന്റെ ഉപയോഗത്തിനു നൽകിയ ബാച്ചിൽപ്പെട്ട ഒരു ഫിലിപ്സ് ഫിസ് ആയിരുന്നു എന്റേയും ആദ്യത്തെ മൊബൈൽ. അതിനും ഒരു മാസം മുൻപ് തന്നെ ചാരവും നീലയും കലർന്ന ആ മൊബൈൽ സന്തത സഹചാരിയായി എന്റെ കൈവശമുണ്ടായിരുന്നു. ഒപ്പം 98470 35695 എന്ന നമ്പരും. എസ്കോട്ടൽ വിട്ട് മൊബൈൽ ഫോൺ ഡീലർഷിപ്പിലേക്ക് കുറച്ചു കാലം തിരിഞ്ഞു. സുഹൃത്ത് ദുബായിലെ എറിക്സൺ ഡീലറായ ജുമാ അൽ മജീദിൽ നിന്ന് വാങ്ങിക്കൊടുത്തു വിട്ട എറിക്സൺ ജിഎഫ്388 എന്ന ഫോണായിരുന്നു പിന്നെ രണ്ട് വർഷത്തോളം കയ്യിലെ താരം. പിന്നെ അവിടെ നിന്നിങ്ങോട്ട് കളർ ഡിസ്പ്ലേയുള്ള സീമെൻസും പോളിഫോണിക്ക് ശബ്ദമുള്ള പാനാസോണിക്കും മോട്ടറോളയും നോക്കിയയും എൽജിയും ഒക്കെ പലപ്പോഴായി കയ്യിലെത്തി. 2007 മുതൽ 2013 വരെ ആപ്പിൾ ഐഫോൺ കാലമായിരുന്നു. പിന്നെ ക്ഷ്വോമിയും പിന്നെ വൺപ്ലസും... ഇപ്പോൾ വൺപ്ലസ് ഒന്നും രണ്ടും കഴിഞ്ഞ് മൂന്നിലെത്തി നിൽക്കുമ്പോൾ മൊബൈൽ ഫോൺ ഒരു കമ്പ്യൂട്ടറിലും വളർന്നു. മിനിറ്റിന് പതിനാറു രൂപ എൺപത് പൈസ വീതം ഔട്ട്ഗോയിംഗ് ഇൻകമിംഗ് കോളുകൾക്ക് കൊടുത്തിടത്തു നിന്ന് ശബ്ദസന്ദേശങ്ങൾക്ക് പണം നൽകേണ്ടാത്ത സ്ഥിതി വരെയെത്തി...
മൊബൈൽ ഫോണുകൾ ജനകീയമാക്കിയത് റിലയൻസിന്റെ മുകേഷ് അംബാനിയാണെന്നതിൽ തർക്കമില്ല. നാടൊട്ടുക്കും ഒപ്റ്റിക്കൽ ഫൈബർ കേബിൾ വലിച്ച് സ്വന്തമായി ടവറുകൾ സ്ഥാപിച്ച് കോഡ് ഡിവിഷൻ മൾട്ടിപ്പിൾ ആക്സിസ് എന്ന സിഡിഎംഏ സാങ്കേതിക വിദ്യ വഴി സെക്കണ്ടറി സ്വിച്ചിംഗ് ഏരിയകളിൽ മാത്രം വയർലെസ് ഇൻ ലോക്കൽ ലൂപ്പ് എന്ന രീതിയിൽ ഫോൺ സർവീസ് നൽകാൻ ലൈസൻസ് നേടുകയും പിന്നെ സാങ്കേതിക വിദ്യയിലെ നുറുങ്ങുവിദ്യകൾ മുതലെടുത്ത് മൊബൈൽ ഫോൺ ആയിത്തന്നെ ആ ലൈസൻസിനെ മാറ്റിയെടുക്കുകയും ചെയ്തതോടെ ആ കളിക്ക് തുടക്കമായി. സർക്കാർ പോലും മുൻകൂട്ടി കാണാത്ത ഒരു സാങ്കേതിക പഴുത് മുതലെടുത്ത് സർവീസ് തുടങ്ങുകയും സർക്കാരിനെക്കൊണ്ട് നഷ്ടപരിഹാരമായി വൻതുക കെട്ടിവെക്കാൻ തീരുമാനമെടുപ്പിക്കുകയും തങ്ങളുടെ ലൈസൻസ് സാധൂകരിപ്പിക്കാനുള്ള കഴിവ് കാണിക്കുകയും വഴി ഓരോ സർക്കിളിലേയും അഞ്ചാം ഓപ്പറേറ്ററായി റിലയൻസ് കടന്നു കയറി. അഞ്ഞൂറ്റി ഒന്നു രൂപക്ക് മൊബൈൽ ഫോൺ നൽകാനും മിനിറ്റിന് നാൽപ്പത് പൈസക്ക് ഇന്ത്യയിലെവിടെയും ഒരു മിനിറ്റ് വിളിക്കാനും അവസരം വന്നതോടു കൂടി സാധാരണക്കാരന്റെ വിനിമയോപാധിയായി മൊബൈൽ ഫോൺ മാറി. അതുവരെ കൊള്ള ലാഭം വാങ്ങിയ കമ്പനികൾ റിലയൻസിനെതിരായി. പക്ഷേ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അവസാനം അവർക്കും പിടിച്ചു നിൽക്കാനായി നിരക്കുകൾ കുറക്കേണ്ടി വന്നു.
കുടുംബഭാഗപത്രത്തിന്റെ കണക്കിൽ സ്വന്തമായി വളർത്തിയെടുത്ത റിലയൻസ് കമ്മ്യൂണിക്കേഷൻസ് എന്ന സ്ഥാപനം അനുജനായ അനിൽ അംബാനിക്ക് കൈമാറേണ്ടി വന്നു. പിൽക്കാലത്ത് പിടിപ്പുകേട് കാരണം അനുജന് ചേട്ടനുണ്ടാക്കിയ വളർച്ച കാത്തു സൂക്ഷിക്കുവാനോ കൈമോശപ്പെടാതെ നോക്കുവാനോ കഴിയാതെ വന്നപ്പോൾ ആർകോം എന്ന റിലയൻസ് കമ്മ്യൂണിക്കേഷൻസ് തളർന്നു. 2010ൽ ഇന്ത്യയൊട്ടാകെ 4ജി സേവനങ്ങൾക്കായി നടത്തിയ സ്പെക്ട്രം ലേലത്തിൽ 22 സർക്കിളിൽ ലേലം നേടിയ ഇൻഫോട്ടെൽ എന്ന കമ്പനിയിൽ മുകേഷ് അംബാനി കണ്ണു വെക്കുന്നത് ഇക്കാലത്താണ്. ഒറ്റയടിക്ക് ഇൻഫോട്ടെൽ എന്ന കമ്പനി അപ്പാടെ വാങ്ങി സ്വന്തമാക്കി വീണ്ടും ഒരു തിരിച്ചു വരവിനായി മുകേഷ് അംബാനി കാത്തിരുന്നു. തളർച്ചയുടെ ഘട്ടങ്ങൾ പിന്നിടുമ്പോൾ മുകേഷ് അനിയൻ അനിലിന്റെ ആർകോം എന്ന കമ്പനിയുടെ ഊടും പാവുമായ റിലയൻസ് ഇൻഫ്രാ എന്ന ഒപ്റ്റിക്കൽ / ടവർ ബിസിനസിൽ പിടുത്തമിട്ടുകൊണ്ടിരുന്നു. വൈകാതെ അതിന്റെ എൺപത് ശതമാനവും കൈക്കലാക്കി. പിന്നീട് നടന്ന സ്പെക്ട്രം ലേലങ്ങളിലൊക്കെ മുകേഷ് അംബാനിയും പങ്കെടുത്തു. 22 സർക്കിളുകളിൽ 2300 മെഗാ ഹെർട്സിൽ ഇൻഫോട്ടെൽ നേടിയ ലൈസൻസ് കൂടാതെ പത്ത് സർക്കിളിൽ 800 മെഗാ ഹെർട്സും ആറു സർക്കിളിൽ 1800 മെഗാ ഹെർട്സും. ഇക്കുറിയും ലേലത്തിന് മുകേഷ് രംഗത്തുണ്ട്.
2010 മുതൽ ആറു വർഷക്കാലം ഒരു ലക്ഷത്തി മുപ്പത്തി നാലായിരം കോടി രൂപ മുടക്കി വളർത്തിയെടുത്ത ഒരു കമ്പനിയുടെ ഉദയമാണ് 2016 സെപ്തംബർ ഒന്നാം തീയതി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന ഇന്ത്യയിലെ ഒന്നാം കിട കമ്പനിയുടെ ഓഹരിയുടമകളുടെ പൊതുയോഗത്തിൽ വെച്ച് മുകേഷ് അംബാനി പ്രഖ്യാപിച്ചത്. റിലയൻസ് ജിയോ എന്ന 4ജി നെറ്റ്വർക്ക്. മറ്റു പല സേവനദാതാക്കളും 2ജി മുതൽ 3ജിയിലൂടെ വളർന്ന് 4ജി വരെയെത്തിയപ്പോൾ ഇന്ത്യയൊട്ടാകെ 800, 1800, 2300 മെഗാ ഹെർട്സിന്റെ മൂന്ന് ബാൻഡുകളിലായി 4ജി നെറ്റ്വർക്ക് മാത്രം നൽകി ഒരു വിജയഗാഥക്കായിട്ടാണ് ജിയോ വരുന്നത്. മുൻപ് മറ്റു നെറ്റ്വർക്കുകൾക്കായി മുതൽമുടക്കില്ലാത്തതിനാൽ ഏറ്റവും പുതിയ സർവ്വീസ് ഒരുക്കാൻ കഴിയും എന്നതും സ്പെക്ട്രം പല നെറ്റ്വർക്കിനായി പങ്കിടേണ്ടി വരില്ലെന്നതും ജിയോ എന്ന സർവീസിന് മികച്ച സർവീസ് നൽകാൻ കഴിയുന്നു.
ആറു വർഷത്തെ കാത്തിരിപ്പും ലക്ഷം കോടിയിലേറെ മുടക്കുമുതലുമാണ് ഈയൊരു സർവീസിനായി റിലയൻസ് ഇൻഡസ്ട്രീസ് നടത്തിയത്. തീർച്ചയായും ഇതിലേക്ക് ആളെയെത്തിക്കുക എന്നത് ഒരു വലിയ കാര്യം തന്നെയാണ്. ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ ആളെത്തുക എന്നതാണ് അതിലും വലിയ കടമ്പ. ഇന്ത്യയെപ്പോലെയൊരു രാജ്യത്ത് എല്ലാവരിലും പുതുപുത്തൻ സാങ്കേതിക വിദ്യയായ 4ജി ഉപയോഗപ്പെടുത്താവുന്ന മൊബൈൽ ഫോണുകൾ കാണുക അത്രയെളുപ്പമല്ല. അപ്പോൾ ആദ്യം ഉപയോഗപ്രദമായ ഫോൺ വിപണിയിൽ എത്തിക്കുക എന്നതാണ് ആദ്യ കടമ്പ. അതിനായി ഇന്റക്സ് എന്ന മൊബൈൽ കമ്പനിയുമായി ചേർന്ന് ചുരുങ്ങിയ വിലയിൽ 4 ജി സേവനങ്ങൾ നൽകാൻ കഴിയുന്ന ലൈഫ് എന്ന ഒരു പുതിയ മൊബൈൽ ബ്രാൻഡ് തന്നെ സൃഷ്ടിച്ചു. മൂവായിരം മുതൽ ഇരുപതിനായിരം വരെ വിലയിൽ പന്ത്രണ്ടോളം മൊബൈൽ ഫോൺ മോഡലുകൾ പുറത്തിറക്കി. ഒപ്പം സൗജന്യമായി പരിധിയില്ലാതെ മൂന്നുമാസക്കാലം ഉപയോഗിക്കാൻ കണക്ഷനുകളും നൽകി.
പൈസ കുറവാണെങ്കിൽ അതിന്റെ ഗുണവും കുറവാണെന്ന് കരുതിയ ഇന്ത്യക്കാർ തന്റെ പിടിയിൽ വീഴുന്നില്ലെന്ന് കണ്ടപ്പോൾ മുകേഷിലെ മാർവാഡി ഉണർന്നു. മുടക്കുമുതൽ തിരികെ കിട്ടാൻ തുടക്കം മുതൽ തന്നെ നല്ല പിന്തുണ വേണം. അപ്പോ എന്താ ചെയ്യുക. വിപണിയിലെ വമ്പനെ കക്ഷത്തിലാക്കുക. അങ്ങനെ ഓഫർ വച്ചു. സാംസങിന്റെ 4ജി ഫോണുകൾ വാങ്ങുന്നവർക്ക് / കൈവശമുള്ളവർക്ക് ജിയോ പ്രാരംഭ ഓഫർ. 3 മാസം പരിധിയില്ലാത്ത ഡേറ്റാ/വോയ്സ്/എസ്എംഎസ്. പൊതുജനത്തിന് മുഴുവൻ സൗജന്യമായി കൊടുക്കണമെന്നൊക്കെ മുകേഷിനുണ്ട്. പക്ഷേ ട്രായിയും മറ്റ് സേവനദാതാക്കളും സമ്മതിക്കില്ല. അപ്പോ ഇതേയുള്ളൂ മാർഗ്ഗം. പക്ഷേ എങ്ങനെ കൊടുക്കും. അതിനായി ഒരു ആപ്ലിക്കേഷൻ ഉണ്ടാക്കി. ആ ആപ്ലിക്കേഷൻ കൊണ്ട് ഒരു കോഡ് ഉണ്ടാക്കിയെടുക്കണം. ആ കോഡും തിരിച്ചറിയൽ രേഖയുമായി റിലയൻസ് സ്റ്റോറിൽ ചെന്നാൽ സൗജന്യമായി തന്നെ സിം കാർഡ് നൽകും. മൂന്നുമാസം സൗജന്യമായി ഉപയോഹിക്കാം. അതുകൊണ്ടും ഒന്നുമായില്ല. പടിപടിയായി സാംസങിനൊപ്പം മറ്റു കമ്പനികളുടെ 4ജി ഫോണുകൾക്കും സൗജന്യം നൽകി. അപ്പോഴാണ് മറ്റെല്ലാ മൊബൈൽ കമ്പനികളും കൂടി ഉടക്കിട്ടത്. കാരണം റിലയൻസ് എല്ലാവർക്കും സൗജന്യം കൊടുത്താൽ തങ്ങളുടെ കഞ്ഞികുടി മുട്ടും. അങ്ങനെ അവരെല്ലാം ബഹളം തുടങ്ങി. ട്രായി ഇടപെട്ടു. മുകേഷിനെ വിളിച്ചു. മുകേഷ് ചെന്നു. എല്ലാം കോമ്പ്ലിമെന്റ്സാക്കി. ഡിസംബർ 31 ന് ഞാൻ അങ്ങ് തുടങ്ങിയേക്കാമേ എന്ന് പറഞ്ഞു പോന്നു. ഒപ്പം ഒരു തിരിച്ചടി കൂടി കൊടുത്തു. ഇവരാരും എന്റെ നെറ്റ്വർക്കിലോട്ടും തിരിച്ചും വിളിക്കാൻ സമ്മതിക്കുന്നില്ല എന്ന്. അപ്പോൾ ഒരു സാങ്കേതികതയിൽ പിടിച്ച് നിന്ന നെറ്റ്വർക്കുകൾക്ക് എന്തെങ്കിലും ചെയ്യണമെന്നായി.
സെപ്തംബർ ഒന്നിനും അതിനു മുൻപായും ഒക്കെ പല തവണയായി ചെറുത്തു നിൽപ്പിന്റേയും ഉപഭോക്താക്കളെ പിടിച്ചു നിർത്തുന്നതിന്റേയും ഭാഗമായി മൊബൈൽ കമ്പനികൾക്ക് തങ്ങളുടെ നിരക്കുകൾ താഴ്ത്തേണ്ടി വന്നു. അങ്ങനെ ജിയോയുടെ വരവോടെ മൊബൈൽ ഡേറ്റാ നിരക്കുകളിൽ കുത്തനെ കുറവ് മറ്റ് കമ്പനികളുടെ ഉപഭോക്താക്കൾക്കും ലഭിച്ചു. പരോക്ഷമായി ഉപഭോക്താക്കൾക്ക് മത്സരം നല്ലതു തന്നെയാണ് വരുത്തിയത്. സെപ്തംബർ ഒന്നിന് പ്ലാനുകൾ അവതരിപ്പിച്ചപ്പോൾ മറ്റ് നെറ്റ്വർക്കുകൾ ഒന്നുകൂടി ഞെട്ടി. അതോടൊപ്പം വെൽകം ഓഫർ എന്ന നിലയിൽ റിലയൻസ് എല്ലാ 4ജി ഫോൺ ഉടമകൾക്കും സൗജന്യമായി ഡിസംബർ 31 വരെ പ്രതിദിനം 4 ജിബി ഡേറ്റാ പൂർണ്ണ സ്പീഡിലും അതിനു ശേഷം 128 കെബിപിഎസ് എന്ന കുറഞ്ഞ സ്പീഡിൽ പരിധിയില്ലാതെയും ഡേറ്റാ സേവനവും പ്രതിദിനം 100 എസ്എംഎസും പരിധിയില്ലാതെ വോയ്സ് കോളുകളും നൽകാൻ തുടങ്ങി. അതോടെ നട്ടാൽ കുരുക്കാത്ത നുണകളുടെ മാലപ്പടക്കവുമായി മറ്റ് കമ്പനികൾ സോഷ്യൽ മീഡിയയിൽ രംഗപ്രവേശം ചെയ്തു.
ആദ്യമൊക്കെ നീണ്ട സന്ദേശങ്ങൾ പല ഭാഷകളിലും പിന്നെ അവ ശബ്ദസന്ദേശമായും ഒക്കെയെത്തി. അതിന്റെ പിന്നിലെ ലക്ഷ്യം ജിയോ സിം കാർഡ് എടുക്കുന്നതിൽ നിന്ന് ഉപഭോക്താക്കളെ വിലക്കുക എന്നത് മാത്രമായിരുന്നു. ഫോണിൽ ജിയോ സിം കാർഡ് ഇടുന്നതോടെ ആ സ്ലോട്ട് മറ്റ് നെറ്റ്വർക്കുകൾ ഒന്നും ഉപയോഗിക്കാൻ കഴിയാത്ത വിധം റിലയൻസ് ലോക്ക് ചെയ്യും എന്നായിരുന്നു പ്രധാന സന്ദേശം. ഒരിക്കലും പ്രാവർത്തികമാക്കാൻ കഴിയാത്ത ഒരു കാര്യമെന്ന നിലയിൽ തന്നെ ഇതിനെ തള്ളിക്കളയാം. കാരണം മൊബൈൽ ഫോണിന് ഒരു അവകാശവും നെറ്റ്വർക്ക് സൗജന്യമായി ഉപയോഗിക്കുന്നതിന്റെ പേരിൽ ഉയർത്താൻ നിയമപരമായി കഴിയുകയില്ല. എന്നാൽ റിലയൻസ് ചുരുങ്ങിയ നിരക്കിൽ നൽകുന്ന ലൈഫ് ഫോണുകളിൽ അവർക്ക് അതു ചെയ്യാനും കഴിയും.
എങ്കിൽ പിന്നെ എന്തിന് ഐഎംഇഐ നമ്പർ ശേഖരിക്കുന്നു എന്നാണ് അടുത്ത ചോദ്യം. ആദ്യ കാലങ്ങളിൽ ജിയോ സിം കാർഡ് നൽകിയിരുന്നത് സാംസങ് ഫോണുകൾക്ക് മാത്രമായിരുന്നു. പിന്നീട് മറ്റ് ചില കമ്പനി ഫോണുകളും. അക്കാലത്ത് കോഡ് ജനറേറ്റ് ചെയ്ത് ഫോണിൽ കാണിക്കണം എന്നായിരുന്നു വെയ്പ്. കോഡ് മറ്റു ഫോണുകളിൽ ഉണ്ടാക്കിയെടുത്ത് സ്ക്രീൻ ഷോട്ട് ആക്കി ഫോണിലിട്ട് ഒരേ ഫോൺ കാണിച്ച് സിം കാർഡ് നേടിയെടുക്കുന്ന ഒരു പ്രവണത വ്യാപകമായതോടു കൂടി ചില സ്റ്റോറുകൾ തുടങ്ങിയ ഒരു പതിവാണ് ഈ ഐഎംഇഐ ശേഖരണം. റിലയൻസിനോ ഏതെങ്കിലും ഒരു മൊബൈൽ സേവന ദാതാവിനോ ഐഎംഇഐ ശേഖരിക്കണമെങ്കിൽ ചോദിക്കേണ്ട ആവശ്യമൊന്നുമില്ല. തങ്ങളുടെ മൊബൈൽ കണക്ഷൻ ഏതെങ്കിലും ഒരു ഫോണിൽ ഉപയോഗിക്കുമ്പോൾ ആ ഫോണിന്റെ ഐഎംഇഐ നമ്പർ സ്വാഭാവികമായിത്തന്നെ മൊബൈൽ സേവനദാതാവിന് ലഭിക്കും. സൈബർ സെൽ പല കുറ്റവാളികളേയും തിരയുമ്പോൾ ഒരു നമ്പർ മാറ്റി മറ്റൊരു നമ്പർ / മറ്റൊരു സേവന ദാതാവിന്റെ നമ്പർ ഇട്ടാലും ആ ഫോണും നമ്പരും കണ്ടെത്താനും കുറ്റവാളികളെ പിടിക്കാനും കഴിയുന്നത് ഇങ്ങനെയാണ്. ഫോൺ കളഞ്ഞു പോയാൽ പോലീസ് സ്റ്റേഷനിൽ നൽകുന്ന പരാതി വെച്ച് നമ്പർ / ഫോൺ കണ്ടെത്തുന്നതും ഐഎംഇഐ നമ്പർ സേവനദാതാവിന് കിട്ടും എന്നത് കൊണ്ടു മാത്രമാണ്.
പിന്നെ എന്താണ് ഈ ജനറേറ്റ് ചെയ്യുന്ന കോഡ്. അതും ഐഎംഇയുമായി ബന്ധം എന്താണ്. സത്യത്തിൽ ഒന്നുമില്ലെന്നതാണ് വാസ്തവം. 555 ൽ തുടങ്ങുന്ന ഒരു പതിനൊന്നക്ക നമ്പർ. അത് ക്രമമായി കിട്ടാനായി ഒരു സംവിധാനം മാത്രമാണ് ആ ആപ്ലിക്കേഷനിൽ ഉള്ളത്. ഒരിക്കൽ മാത്രം ആ നമ്പർ ലഭിക്കാനായി ഒരു നുറുങ്ങു കോഡ് കഷണം ഫോണിൽ അവശേഷിക്കുമെന്ന് മാത്രം. പൂർണ്ണമായി റൂട്ട് ചെയ്ത് ഫോർമാറ്റ് ചെയ്യാതെ അത് പോകില്ല. റൂട്ട് ലെവൽ ഫോർമാറ്റ് ചെയ്താൽ ആ ഫോണിൽ നിന്ന് അടുത്ത കോഡ് കിട്ടും. ഇനിയിപ്പോ ആ കോഡ് തന്നെ വേണം എന്നൊന്നുമില്ല. ഈ തരത്തിലെ ഒരു കോഡ് വേണം. യുപിസി 128 എൻക്രിപ്ഷൻ മുഖാന്തിരം ഏതെങ്കിലും ഒരു ബാർകോഡ് ജനറേറ്റർ ആപ്പ് വെച്ച് ഉണ്ടാക്കി ഒരു ഫോട്ടോ എഡിറ്റർ വഴി കൂട്ടിച്ചേർത്താലും കോഡാകും. ആ കോഡ് കാണിച്ചാലും സിം കാർഡ് കിട്ടും. ആ സിം കാർഡ് ഏത് 4ജി സെറ്റിലും വർക്കും ചെയ്യും.
പിന്നെന്താ ഇത് ഇട്ടാലുടൻ വർക്ക് ചെയ്യാത്തത്. മറ്റെല്ലാ സിമ്മും ഇട്ടാലുടൻ വിളിക്കാലോ... അത് കാര്യം. കാരണം റിലയൻസ് ജിയോ ഇതുവരെ കണ്ട തരത്തിലെ ഒരു നെറ്റ്വർക്കല്ല. അതെന്താ ജിയോക്ക് കൊമ്പുണ്ടോ? ഉണ്ട്... കൊമ്പല്ല തേറ്റ... ശരിക്കും പറഞ്ഞാൽ ഡേറ്റ. ലോങ് ടേം എവല്യൂഷൻ എന്ന ഡേറ്റാ അധിഷ്ഠിത നെറ്റ്വർക്കാണ് ജിയോയുടേത്. അതിൽ തന്നെ വോയ്സ് കോളുകൾ ചെയ്യാനായി വോയ്സ് ഓവർ ലോങ് ടേം എവല്യൂഷൻ എന്ന വോൾട്ടേ സാങ്കേതിക വിദ്യയാണ് ജിയോ ഉപയോഗപ്പെടുത്തുന്നത്. ഏതാണ്ട് രണ്ട് വർഷം മാത്രം പഴക്കമുള്ള ഒരു സാങ്കേതിക വിദ്യയാണിത്. ഇന്ത്യയിൽ ഇത്തരത്തിലെ ആദ്യ നെറ്റ്വർക്കും. എല്ലാ കോളുകളും മെസ്സേജും ഇന്റർനെറ്റും ഒക്കെ ഡേറ്റാ അധിഷ്ഠിതമായിട്ടാണ് പോകുക. അതുകൊണ്ട് ആദ്യം 4 ജി ഡേറ്റക്ക് പാകത്തിൽ ഫോണിനെ സജ്ജമാക്കണം. അതിനായി ഫോണിൽ സിം കാർഡ് ഇട്ട് ഓൺ ചെയ്താൽ മൊബൈൽ നെറ്റ്വർക്ക്സ് എന്ന സെറ്റിംഗ്സിൽ പോയി ആദ്യം 4ജി / എൽടിഇ എന്ന മോഡിലേക്ക് സെറ്റിനെ മാറ്റണം. അല്ലെങ്കിൽ അതിന് പ്രാമുഖ്യമുള്ള നിലയിലാക്കണം. പിന്നെ നെറ്റ്വർക്ക് അസസ് പോയിന്റ് എന്നൊരു കൂട്ടമുണ്ട്. പണ്ട് 2ജി യിലും 3ജി യിലും സെറ്റിംഗ്സ് ആയി മെസ്സേജ് വന്ന് സേവ് ചെയ്തിരുന്ന ആ സാധനം തന്നെ. ഇവിടെ കാര്യങ്ങൾ അതുപോലെ തന്നെ. പക്ഷേ മുൻപ് മറ്റ് നെറ്റ്വർക്കുകളുടെ സെറ്റിംഗ്സ് മൊബൈലിൽ പലർക്കും കിടപ്പുണ്ടാകും. അതൊക്കെ ഒന്ന് പെറുക്കി കളയണം. അസസ് പോയിന്റിനു കീഴിലുള്ള നിലവിലെ എല്ലാറ്റിനേയും എടുത്തു കളഞ്ഞിട്ട് പുതിയ ഒരു അസസ് പോയിന്റ് ആദ്യം ഉണ്ടാക്കണം. എല്ലാം കളഞ്ഞ് ഫോൺ ഒന്ന് റീസ്റ്റാർട്ട് ചെയ്താൽ താനേ കിട്ടും. ഇല്ലെങ്കിൽ ഇതു പോലൊരെണ്ണം അങ്ങട് ചെയ്യുക.
അസസ് പോയിന്റിൽ മുകളിലോ താഴെയോ ഒരു + ചിഹ്നം കാണും. അതിലൊന്ന് ക്ലിക്ക് ചെയ്താൻ പുതിയൊരു അസസ് പോയിന്റ് സെറ്റിംഗ്സ് ഉണ്ടാക്കാം. നെറ്റ്വർക്ക് നെയിം എന്നയിടത്ത് JIO4G എന്നും അസസ് പോയിന്റ് നെയിം എന്നയിടത്ത് jionet എന്നും ടൈപ്പ് ചെയ്ത് സേവ് ചെയ്തോളൂ... എന്നിട്ട് സ്ഥിരമായി ഓഫ് ചെയ്ത് എംബി പോകാതെ സംരക്ഷിച്ച മൊബൈൽ ഡേറ്റാ അങ്ങട് ഓൺ ചെയ്യുക. ഇപ്പോൾ നെറ്റ്വർക്ക് സിഗ്നൽ വന്നിട്ടുണ്ടാകും. ഇനിയത് അങ്ങനെ കിടക്കട്ടെ.. വോൽട്ടേ / എൻഹാന്സ്ഡ് എൽടിഇ എന്ന് ഒരു ഓപ്ഷൻ ഉണ്ടെങ്കിൽ അതു കൂടി ഓൺ ചെയ്യുക.

4ജി ഇല്ലാത്ത മൊബൈലിൽ ജിയോ സിം ഉപയോഗിക്കാൻ പറ്റില്ല. കാരണം ജിയോ 4ജി സേവനം മാത്രം നൽകുന്ന നെറ്റ്വർക്കാണ്. ജിയോക്ക് 2ജി 3ജി സേവനങ്ങൾ മറ്റ് മൊബൈൽ കമ്പനികളെപ്പോലെ നൽകാനുള്ള ലൈസൻസില്ല.
ഇനി മൊബൈലിൽ നിന്ന് 1977 വിളിച്ച ശേഷം കണക്ഷൻ എടുക്കാൻ നൽകിയ തിരിച്ചറിയൽ രേഖയുടെ നമ്പരിന്റെ അവസാന നാലക്കമോ അല്ലെങ്കിൽ രേഖ നൽകിയ തീയതിയോ എന്റർ ചെയ്താൽ കണക്ഷൻ ആക്ടീവാകും. കോൾ ചെയ്യാൻ പറ്റുന്നില്ലെങ്കിൽ നിങ്ങളുടെ ഫോണിൽ വോൾട്ടെ സേവനം ലഭ്യമല്ലെന്ന് ചുരുക്കം. ആൻഡ്രോയ്ഡ് ഫോണുകളിൽ പ്ലേസ്റ്റോറിൽ നിന്നും (ആപ്പിളിന് ആപ്പ് സ്റ്റോർ) മൈ ജിയോ എന്ന ആപ്പ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക. അതോടൊപ്പം ജിയോ 4 ജി വോയ്സ് എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക. ജിയോ 4ജി വോയ്സ് എന്ന ആപ്പ് ഓൺലൈൻ കാണിച്ചാൽ നിങ്ങൾ കണക്ടഡ് ആയി. ഇനി അതിൽ നിന്ന് കോൾ ചെയ്യാം. ഡയലറായും മെസ്സേജ് ആപ്പ് ആയും അഡ്രസ് ബുക്കായും ഒക്കെ ഈ ആപ്പ് ഉപയോഗിക്കാം. ആക്റ്റിവേഷൻ ചെയ്താൽ പിന്നെ ഉപയോഗിച്ച് തുടങ്ങാം. ചിലപ്പോൾ നെറ്റ്വർക്ക് തിരക്ക് കാരണം ആക്ടിവേഷൻ പൂർത്തിയാകാൻ ഒന്നു രണ്ട് മണിക്കൂർ വരെ കാത്തിരിക്കേണ്ടതായി വരാം.
അപ്പോ ഒന്നും രണ്ടും സ്ലോട്ടിന്റെ കാര്യം... അതായതുത്തമാ... പ്രമുഖ ബ്രാൻഡുകൾ ഒക്കെ ഒറ്റ സിം കാർഡ് ഉപയോഗിക്കാവുന്ന ഫോണാണ് ഇറക്കുന്നത്. അതിൽ 4ജി / 4ജി എൽടിഇ എന്ന് ഒറ്റ സ്ലോട്ടിൽ മാത്രമേ ഉണ്ടാകൂ. ഇരട്ട സിം കാർഡ് ഫോണുകളിൽ രണ്ട് സിം സ്ലോട്ടുകളിൽ ഒരെണ്ണം 4ജി / 4ജി എൽടിഇ സൗകര്യം ഉള്ളതും (ഒന്നാം സ്ലോട്ട്) രണ്ടാമത്തെ സ്ലോട്ട് 3 ജി / 2 ജി മാത്രം ഉപയോഗിക്കാൻ കഴിയുന്നതുമായിരിക്കും. (ഉദാഹരണം സാംസങ് ഗ്യാലക്സി ജെ5) ഉയർന്ന സ്പെസിഫിക്കേഷനുള്ള ചില ഫോണുകളിൽ (ഉയർന്ന സ്പെസിഫിക്കേഷൻ എന്നാൽ ഉയർന്ന വിലയല്ലെന്ന് അറിയുക) രണ്ട് സ്ലോട്ടുകളും 4ജി / 4ജി എൽടിഇ സൗകര്യം ഉള്ളവയായിരിക്കും. (ഉദാഹരണം ക്ഷ്വോമി റെഡ്മി 3എസ് / റെഡ്മി 3എസ് പ്രൈം) രണ്ട് സ്ലോട്ടുകളിലും 4ജി / 4ജി എൽടിഇ സൗകര്യമുണ്ടെങ്കിൽ ഏതിൽ വേണമെങ്കിലും ജിയോ സിം ഉപയോഗിക്കാം. അല്ലെങ്കിൽ 4ജി / 4ജി എൽടിഇ സപ്പോർട്ട് ചെയ്യുന്ന സ്ലോട്ടിൽ മാത്രം ഉപയോഗിച്ചാൽ മാത്രമേ നെറ്റ്വർക്ക് ലഭിക്കൂ...
പിന്നെ വോയ്സ് കോൾ. ഔപചാരികമായി വ്യാവസായിക അടിസ്ഥാനത്തിൽ ജിയോ സേവനങ്ങൾ ലഭിക്കുക 2017 ജനുവരി 1 മുതലാണ്. ഡിസംബർ 31 രാത്രി 11:59 നു സൗജന്യ സേവനങ്ങൾ നിൽക്കും. അന്നു മുതൽ ഉപയോഗത്തിനു പണം നൽകണം. പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത് 28 ദിവസത്തേക്ക് വീതമാണ്. അതിൽ ഏറ്റവും കുറഞ്ഞ പ്ലാൻ 149 രൂപയ്ക്കുള്ളതാണ്. ഇന്ത്യയിലെവിടെയും പരിധിയില്ലാതെ വോയ്സ് കോളും റോമിംഗും നൽകുന്ന ഈ പ്ലാനിൽ പകൽ ഉപയോഗത്തിന് 300 എംബി ഡേറ്റയാണ് ലഭിക്കുക. രാത്രി ഉപയോഗം കേവലം 3 മണിക്കൂർ മാത്രം സൗജന്യം. അതും 2 മണി മുതൽ 5 മണിവരെ മാത്രം. 28 ദിവസത്തേക്ക് ഇന്ത്യക്കകത്ത് 100 എസ്എംഎസും ലഭിക്കും. കൂടാതെ റിലയൻസ് ജിയോ രാജ്യത്താകമാനം സ്ഥാപിച്ചു വരുന്ന ഹോട്ട്സ്പോട്ടുകളിൽ ഇക്കാലയളവിൽ 700 എംബി കൂടി വൈഫൈ ആയി ഉപയോഗിക്കാം. ഐഎസ്ഡി കോളുകൾക്കും ഇന്ത്യക്ക് പുറത്തേക്കുള്ള എസ്എംഎസിനും അക്കൗണ്ടിൽ പണം വേറേ കരുതണം. ഫോൺ കോളുകൾ മാത്രം ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് പറ്റിയ പ്ലാനാണിത്.
കുറച്ചു കൂടി ഉപയോഗമുള്ളവർക്ക് അനുയോജ്യമായതും ഏറ്റവും കൂടുതൽ സ്വീകാര്യത ഉള്ളതും അടുത്ത പ്ലാനായ 499 രൂപ / 28 ദിവസത്തേക്ക് എന്നതാകും. ഇന്ത്യയിലെവിടെയും പരിധിയില്ലാതെ വോയ്സ് കോളും റോമിംഗും നൽകുന്ന ഈ പ്ലാനിൽ പകൽ ഉപയോഗത്തിന് 4 ജിബി ഡേറ്റയാണ് ലഭിക്കുക. രാത്രി ഉപയോഗം 3 മണിക്കൂർ പുലർച്ചെ 2 മണി മുതൽ 5 മണിവരെ മാത്രം സൗജന്യം. 28 ദിവസത്തേക്ക് ഇന്ത്യക്കകത്ത് പരിധിയില്ലാത്ത എസ്എംഎസും ലഭിക്കും. റിലയൻസ് ജിയോ ഹോട്ട്സ്പോട്ടുകളിൽ ഇക്കാലയളവിൽ 8 ജിബി വൈഫൈ ഉപയോഗം ഇതോടൊപ്പമുണ്ട്. ഐഎസ്ഡി കോളുകൾക്കും ഇന്ത്യക്ക് പുറത്തേക്കുള്ള എസ്എംഎസിനും അക്കൗണ്ടിൽ പണം വേറേ കരുതണം. എന്നാൽ നിരക്കിൽ ഇളവ് ലഭിക്കും. ബാക്കി പ്ലാനൊക്കെ സൈറ്റിൽ നോക്കിക്കോളൂ...
അൻപത് രൂപക്ക് ഒരു ജിബി എന്ന് പറഞ്ഞിട്ട് കള്ളമല്ലേ... ഇതിപ്പോ 28 ദിവസത്തേക്ക് 4 ജിബിക്ക് 499 അല്ലേ... അല്ല. 4+8=12 ആണ്. 499 രൂപക്ക് കിട്ടുക 12 ജിബി ആണ്. അപ്പോ അൻപതിൽ താഴ്ന്നില്ലേ... ഇനി ഹോട്ട് സ്പോട്ട് ഉപയോഗത്തിന് ടോപ്പ് അപ്പ് പ്ലാനുമുണ്ട്. ജിബിക്ക് 50 രൂപ നിരക്കിൽ.
റിലയൻസ് ജിയോ ഹോട്ട് സ്പോട്ടുകൾ എന്നത് വീട്ടിലെ ചെറിയ മുറിക്കുള്ളിലൊതുങ്ങുന്ന ഇത്തിരിക്കുഞ്ഞൻ വൈഫൈ അല്ല. ശരിക്കും ഹൈസ്പീഡ് കണക്ഷനും നല്ല കവറേജും ലഭിക്കും. നിലവിൽ കൊച്ചിയിലും തിരുവനന്തപുരത്തും തൃശൂരുമൊക്കെ ഹോട്ട് സ്പോട്ടുകൾ ഉണ്ട്. വർഷാവസാനത്തോടെ കൂടുതൽ സ്ഥലങ്ങളിൽ ഇത് വ്യാപിക്കും. കൊച്ചിയിൽ മറൈൻ ഡ്രൈവിലെ ബേപ്രൈഡ് മാളിലും തേവര കോളേജിലും ഒക്കെ ഇപ്പോ കിട്ടുന്നുണ്ട്. പത്ത് ലക്ഷം ഹോട്ട് സ്പോട്ടുകളാണ് ഇന്ത്യയൊട്ടാകെ നിറയാൻ പോകുന്നതത്രെ.
സത്യത്തിൽ റിലയൻസ് ജിയോ കുറഞ്ഞ ചെലവിൽ നൽകുന്നത് ഊറ്റി വാങ്ങാനുള്ള ഏർപ്പാട് മൈ ജിയോയിൽ നൽകുന്ന വിവിധ ആപ്പ്ലിക്കേഷനുകളാണ്. 2017 ഡിസംബർ വരെ ഈ ആപ്ലിക്കേഷനുകൾ വരിസംഖ്യ കൂടാതെ ഉപയോഗിക്കാം. പക്ഷേ ഡേറ്റാ കാർന്നു തിന്നും. അവിടെയാണ് ജിയോ കാശുണ്ടാക്കുന്നത്. പ്രതിമാസം 60ൽപ്പരം എച്ച് ഡി ചാനലുകൾ ഉൾപ്പടെ 300നു മുകളിൽ ചാനലുകളും വിവിധ ഭാഷകളിലായി 600ൽപ്പരം മാസികകളും വാരികകളും, ലോകമെമ്പാടുമുള്ള 3000 ൽപ്പരം പത്രങ്ങളും ലക്ഷക്കണക്കിന് സിനിമകളും പാട്ടുകളുമായി ഓൺ ഡിമാൻഡും മൊബൈൽ ആന്റിവൈറസും ക്ലൗഡ് സ്റ്റോറേജും ആദ്യമൊക്കെ സൗജന്യമായിത്തരുമ്പോൾ സ്വാഭാവികമായും സൗജന്യ കാലയളവ് കഴിഞ്ഞും ഒരു ലഹരി പോലെ അതിനടിമപ്പെടും എന്നതാണ് റിലയൻസിന്റെ ബിസിനസ് തന്ത്രം. അല്ലാതെ മൊബൈൽ ലോക്ക് ചെയ്ത് വെച്ചിട്ട് കഴുത്തിനു കത്തി വെക്കുന്ന ഇടപാടൊന്നും ഇതിലില്ല. ഒട്ട് നടക്കുകയുമില്ല.
ഇന്ത്യയൊട്ടാകെ ഏതെങ്കിലും നെറ്റ്വർക്കിന് മൊബൈൽ കവറേജ് ഉള്ളത് 80% ഭൂപ്രദേശത്ത് മാത്രമാണെന്നാണ് കണക്ക്. റിലയൻസ് ജിയോ ഒറ്റക്ക് അതിന്റെ 80% കയ്യടക്കുന്നു. അതായത് ഇന്ത്യയുടെ 64% സ്ഥലത്തും റിലയൻസിന് നിലവിൽ ഒറ്റക്ക് കവറേജ് ഉണ്ടെന്നർത്ഥം. മറ്റേതൊരു സർവീസ് പ്രൊവൈഡർക്കും ഇല്ലാത്തതും അതു തന്നെയാണ്. ബിഎസ്എൻഎല്ലുമായും എയർടെൽ, ഐഡിയ, വോഡാഫോൺ നെറ്റ്വർക്കുകളുടെ ടവർ സംരംഭമായ ഇൻഡസുമായും കരാർ ഒപ്പിടുക വഴി റിലയൻസ് ഇൻഫ്ര എന്ന സ്വന്തം കമ്പനിയുടെ ടവറുകളും രണ്ടര ലക്ഷം കിലോമീറ്റർ ഒപ്റ്റിക്കൽ ശൃംഘലയും വഴി ഇന്ത്യയൊട്ടാകെ കടന്നു ചെല്ലുവാൻ റിലയൻസിനു കഴിയുമ്പോൾ ജിയോ കവറേജിന്റെ കാര്യത്തിൽ ഒന്നാമതാകുമെന്നതിൽ സംശയമില്ല. മറ്റുള്ളവരെപ്പോലെ 2ജി, 3ജി, 4ജി എന്നിവയ്ക്ക് സ്പെക്ട്രം പങ്കിടേണ്ടെന്ന ലാഭവും ഒറ്റയടിക്ക് 4ജി നെറ്റ്വർക്കിനായി സ്പെക്ട്രം ഉപയോഗപ്പെടുത്താമെന്നും പുതിയ നെറ്റ്വർക്കായതിനാൽ രാജ്യമൊട്ടാകെ ഒറ്റയടിക്ക് ഏറ്റവും പുതിയ സാങ്കേതികവിദ്യ തന്നെ നൽകാമെന്നതും ജിയോയ്ക്ക് ആഹ്ലാദിക്കാൻ വക നൽകുന്നു.

Sunday, June 5, 2016

മൊബൈല്‍ ഫോണ്‍ ഇന്‍ഷുറന്‍സ് തട്ടിപ്പോ?

 

മൊബൈല്‍ ഫോണ്‍ ഇന്‍ഷുറന്‍സ് തട്ടിപ്പോ?


 

മൊബൈൽ ഫോൺ വാങ്ങിയാൽ ഇൻഷുറൻസ് അടിച്ചേൽപ്പിക്കും; മൊബൈൽ കത്തിയാലും കളവുപോയാലും ഉടൻ പണം; കേടുവന്നാൽ സർവീസും ഫ്രീ; വാഗ്ദാനങ്ങൾ കേട്ട് Syska Gadget Secure വാങ്ങിയവർക്ക് ഇപ്പോൾ പണവുമില്ല ഫോണുമില്ല.ഇത് എന്റെ സഹോദരന് പറ്റിയ ചതി ആണ്. ഞാൻ കൂടെ പോയി ആണ് ഫോൺ വാങ്ങിയത്. Syska Gadget Secure insuransum എടുത്തു. ഫോൺ കേടായി. complaint രജിസ്റ്റർ ചെയ്തു. പിന്നീട് കമ്പനി ആള്ക്കാരെ വിളിച്ചപ്പോൾ ബിൽ കോപ്പി, damage എങ്ങനെ ഉണ്ടായി എന്നുള്ള റിപ്പോർട്ട്‌ പിന്നെ ID copy അങ്ങനെ പല സാധനങ്ങൾ അപ്‌ലോഡ്‌ ചെയ്യാൻ പറയും, അതിനു ശേഷം, അവർ വിളിക്കില്ല. ഞാൻ വീണ്ടും വിളിച്ചു. അപ്പോൾ സർവീസ് സെന്റെറിൽ കൊണ്ട് പോയി ചെലവ് എത്രയാകും എന്ന് quotation വാങ്ങാൻ പറയും. അതും അപ്‌ലോഡ്‌ ചെയ്യണം. അതിനു ശേഷം അതെ സർവീസ് സെന്റെറിൽ ഫോൺ കൊടുത്തു. അപ്പോൾ അദ്ദേഹം പറഞ്ഞത് ഈ ഫോൺ നിങ്ങളുടെ സ്വന്തം ചിലവിൽ നന്നാക്കിതരാം അല്ലാതെ Syska Gadget Secure ചിലവിൽ പറ്റില്ല. കാരണം എനിക്ക് അവരില നിന്നും ലക്ഷങ്ങൾ കിട്ടാനുണ്ട്. വീണ്ടും അവരെ വിളിച്ചു.അങ്ങനെ രണ്ടു മാസമായി അവരെ വിളിച്ചു കൊണ്ടേയിരിക്കുന്നു. ഇത് വരെ ശെരിയായില്ല . ഇനി നിയമ നടപടിക്കു പോകണം. തന്നെയുമല്ല കമ്പ്യൂട്ടർ സ്കാന്നെർ തുടങ്ങിയവ സ്വന്തമായില്ലതവർക്ക് കഫെയിൽ പോയി നല്ലൊരു തുക കൂടി ചിലവാകും, ദയവായി എന്റെ സുഹൃത്തുക്കൾ ആരും ഈ ചതിയിൽ പെട്ട് പോകരുത്. Syska Gadget Secure എന്നാ ഇൻഷുറൻസ് എടുക്കരുതെന്ന് അഭ്യർത്ഥിക്കുന്നു..സുരേഷ്ബാബു.
വേറൊരു കമ്പനിയുടെ വാര്‍ത്ത നോക്കൂ.മറുനാടന്‍ മലയാളി ഓണ്‍ ലൈന്‍ പത്രത്തില്‍ ഇന്നലെ വന്നത്.
തിരുവനന്തപുരം: ഫോണിനെന്തുപറ്റിയാലും പണം നഷ്ടപ്പെടാതിരിക്കാൻ ഇൻഷ്വർ ചെയ്യുന്നവർ കരുതിയിരിക്കുക. ഇല്ലാത്ത കമ്പനിയുടെ പേരിൽ ഇൻഷ്വറൻസ് തുകയടച്ച് ഫോൺ വാങ്ങുന്നവർ ഫോണിന് തകരാറു പറ്റുമ്പോൾ വിവരമറിയും. ഫോണിനൊപ്പം നിസ്സാര തുക മുടക്കി ഇൻഷുറൻസ് എടുക്കൂ. ഫോൺ മോഷണം പോയാലും കത്തിപ്പോയാലും വെള്ളത്തിൽ പോയാലും പുതിയ ഫോൺ നൽകും. ഇല്ലെങ്കിൽ 95% തുകയും തിരികെ നൽകും - ഇത്തരം വാഗ്ദാനങ്ങളുമായി കൊൽക്കത്ത ആസ്ഥാനമായ ഡിഎൻഎ എന്ന കമ്പനിയുടെ പേരുപറഞ്ഞ് ഫോൺ വാങ്ങുമ്പോൾ പോത്തീസിൽ നൽകുന്ന ഇൻഷ്വറൻസ് വ്യാജമെന്ന് വ്യാപക പരാതി.
പോത്തീസിനും ഡിഎൻഎ എന്ന ഇൻഷ്വറൻസ് കമ്പനിക്കുമെതിരെ ഉപഭോക്തൃ കോടതിയിൽ ഇത്തരം നിരവധി കേസുകളാണ് എത്തിയിട്ടുള്ളത്. ഫോണിനു തകരാർ വന്ന് ഈ ഇൻഷ്വറൻസ് കമ്പനിയെപ്പറ്റി അന്വേഷിച്ചാൽ ഒരു വിവരവും ലഭിക്കില്ല. അവരുടെ കസ്റ്റമർ കെയർ എന്നു പറഞ്ഞ് തരുന്ന നമ്പർ നിലവിലില്ലെന്ന മറുപടിയാണെപ്പോഴും. ഇനി പോത്തീസിൽ തന്നെ പരാതിയുമായി ചെന്നാലോ അവരും കൈമലർത്തും. ഫലത്തിൽ വൻതുക നൽകി വാങ്ങുന്ന ഫോണിന് പൂർണ സംരക്ഷണത്തിനായി ഇൻഷ്വറൻസിന് നൽകിയ തുകയുൾപ്പെടെ എല്ലാം നഷ്ടം.
പോത്തീസ് ഷോപ്പിംങ്ങ് സെന്ററിൽ നിന്നും മൊബൈൽ ഫോൺ ഇൻഷുറൻസ് എന്ന പേരിൽ പോളിസി വിറ്റിരുന്ന ഡിഎൻഎ എന്ന സ്ഥാപനം വെറും കടലാസുകമ്പനി മാത്രമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. തിരുവനന്തപുരം പോത്തീസിൽ നിന്നും മൊബൈൽ ഫോൺ വാങ്ങുമ്പോൾ നിർബന്ധിപ്പിച്ച് ഇൻഷുറൻസ് അടിച്ചേൽപ്പിക്കുകയാരുന്നുവെന്ന് കബളിപ്പിക്കപ്പെട്ട ഉപഭോക്താക്കൾ പറയുന്നു. ഫോൺ വാങ്ങുന്നവരോട് പ്രത്യേക ഓഫർ എന്ന പേരിലാണ് ഈ പോളിസികൾ വിറ്റിരുന്നത്. ഫോൺ നഷ്ടപ്പെടുക, മോഷ്ടിക്കപ്പെടുക, വെള്ളത്തിൽ വീണു കേടുപറ്റുക തുടങ്ങി എന്തുസംഭവിച്ചാലും പുതിയ ഫോൺ ലഭിക്കുമെന്നും സൗജന്യമായി റിപ്പയർ ചെയ്ത് നൽകുമെന്നുമാണ് പോളിസി വാഗ്ദാനം.
പോത്തീസ് സെന്ററിലെ സെയിൽസ്മാൻ തന്നെയാണ് ഇൻഷ്വറൻസ് കാൻവാസിംഗും. വലിയ കമ്പനിയാണെന്നും മറ്റും തെറ്റിധരിപ്പിച്ചാണ് പോളിസി എടുപ്പിച്ചിരുന്നത്. വൻതുക നൽകി ഫോൺ വാങ്ങുന്നവർ 600 രൂപ കൂടി മുടക്കി പോളിസി വാങ്ങും എന്ന കച്ചവടതന്ത്രം വ്യക്തമായി മുതലാക്കി വരികയായിരുന്നു പോത്തീസ് ഷോപ്പിംങ്ങ് സെന്റർ അധികൃതർ. ഏതൊരു ഉപഭോക്താവിനേയും വളരെ എളുപ്പം വീഴ്‌ത്താവുന്ന ടെക്‌നിക്ക് തന്നെയാണ് ഇത്. പോളിസി വേണ്ടെന്ന് എത്ര തവണ പറഞ്ഞാലും വീണ്ടും നിർബന്ധിച്ച് എടുപ്പിക്കുന്ന രീതിയാണ് നിലനിന്നിരുന്നത്. ഡിഎൻഎ എന്ന കമ്പനിയെകുറിച്ച് കേട്ടിട്ടില്ലെന്നു പറഞ്ഞാൽ ഉടനെ വരും കൊൽക്കത്ത ആസ്ഥാനമായ കമ്പനിയാണെന്നും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം കമ്പനിക്ക് ശാഖകളുണ്ടെന്നുമെല്ലാം മറുപടി.
അടുത്തിടെ തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ ഡിഎൻഎ എന്ന കമ്പനിയെകുറിച്ച് പരാതികൾ വ്യാപകമായി ലഭിക്കുന്നുവെന്നാണ് മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ മനസ്സിലായത്. തിരുവനന്തപുരം മലയൻകീഴ് സ്വദേശി അനീഷ് മോഹൻ ഡിഎൻഎക്കെതിരെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ നൽകിയ പരാതിയിൽ ഇതുവരെ ഫോറത്തിനു മുന്നിൽ കമ്പനിക്കുവേണ്ടി ആരും ഹാജരായില്ല. പോത്തീസിന്റെ തരുവനന്തപുരം എംജി റോഡിലെ ഷോറൂമിൽ നിന്ന് 2014 ഡിസംബർ പതിമൂന്നിനാണ് പാർട് ടൈം ജോലികൾ ചെയ്തുവന്ന ബിരുദ വിദ്യാർത്ഥി അനീഷ് ലാവാ കമ്പനിയുടെ 7600 രൂപ വിലയുള്ള മൊബൈൽ വാങ്ങിയത്. ഇതിനൊപ്പം 600 രൂപ നൽകി ഫോൺ ഡിഎൻഎയിൽ ഇൻഷ്വർ ചെയ്തു. വളരെ നല്ല ഓഫർ ആണെന്ന് പറഞ്ഞ് അടിച്ചേൽപ്പിക്കുകയായിരുന്നു. കമ്പനിയെകുറിച്ച് കേട്ടിട്ടില്ലെന്ന് പറഞ്ഞപ്പോൾ തിരുവനന്തപുരം നഗരത്തിലുൾപ്പെടെ ഡിഎൻഎക്ക് ശാഖകളുണ്ടെന്ന് പറഞ്ഞാണ് പോളിസി എടുപ്പിച്ചത്.
എന്നാൽ പിന്നീട് ഫോണിന്റെ ഡിസ്‌പ്ലേ പൊട്ടിയതിനെ തുടർന്ന് ശരിയാക്കുന്നതിനായി സർവീസ് സെന്ററിലെത്തിയപ്പോൾ 6500 രൂപയാകുമെന്ന് പറഞ്ഞു. എന്നാൽ ഇൻഷുറൻസ് ഉള്ളതിനാൽ ഡിഎൻഎ എന്ന കമ്പനിയുടെ തിരുവനന്തപുരത്തെ ഓഫീസ് തേടി ഇറങ്ങിയെങ്കിലും അങ്ങനെയൊരു ഓഫീസ് നഗരത്തിലൊരിടത്തും ഉണ്ടായിരുന്നില്ല.തുടർന്ന് ഇതേക്കുറിച്ച് തിരക്കിയപ്പോൾ 03364996333 ഡിഎൻഎ കസ്റ്റമർ കെയർ സെന്റർ നമ്പർ നൽകുകയും അതിൽ ബന്ധപ്പെട്ടാൽ ക്ലെയിം ചെയ്യുന്നതിനുള്ള രീതി അവർ പറഞ്ഞുതരുമെന്നും ആയിരുന്നു പോത്തീസിൽ നിന്നുള്ള മറുപടി. പക്ഷേ, നമ്പർ നിലവിലില്ലാ എന്ന പ്രതികരണമാണ് ലഭിച്ചത്. തുടർന്ന് www.antivirus.ind.in സൈറ്റിന്റെ മെയിൽ ഐഡിയിലേക്ക്‌ പല തവണ മെയിൽ ചെയ്‌തെങ്കിലും അതിനും മറുപടിയില്ല.
പോത്തീസിന്റെ തന്നെ മൊബൈൽ സെക്ഷനിൽ പരാതി ഉന്നയിച്ച് ഇൻഷുറൻസ് വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ നാളെ വരൂ എന്ന മറുപടിയായിരുന്നു ഓരോതവണയും. പിന്നീട് അൽപ്പം ക്ഷുഭിതനായി സംസാരിച്ചപ്പോൾ മൊബൈൽ ഫോൺ സെക്ഷന്റെ ഇൻചാർജിനെ കാണാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതേക്കുറിച്ച് ഷോറൂമിൽ വച്ച് സംസാരിച്ചപ്പോൾ മറ്റ് കസ്റ്റമേർസ് കേൾക്കുന്ന രീതിയിൽ സംസാരിക്കരുതെന്നായിരുന്നു നിലപാട്. പ്രസ്തുത ഇൻഷുറൻസ് കമ്പനിയുടെ പോളിസികൾ വിൽക്കുന്നത് പോത്തീസിലെ തന്നെ സെയിൽസ്മാൻ ആണെന്നിരിക്കെ കള്ളപ്പേരിൽ പോത്തീസ് തന്നെ നടത്തുന്ന കടലാസിൽ മാത്രം പ്രാബല്യത്തിലുള്ള കമ്പനിയാണ് ഡിഎൻഎ എന്ന സംശയവും ശക്തമാണ്. മാത്രമല്ല പോത്തീസിന്റെ ഷോറൂമിൽ വച്ചാണ് പോളിസി വിൽക്കുന്നത് എന്നിരിക്കെ പോത്തീസിനെ കൂടി പ്രതിചേർത്താണ് കബളിപ്പിക്കപ്പെട്ടവർ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ പരാതി നൽകുന്നത്.